Rohit Sharma: പരീക്ഷണം ക്ലച്ചുപിടിച്ചില്ല; രോഹിത് ഓപ്പണിങ്ങിലേക്ക് മടങ്ങും, രാഹുല്‍ മധ്യനിരയില്‍
പരിശീലകന്‍ ഗൗതം ഗംഭീറും രോഹിത്തിനെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാനായി ഓപ്പണിങ്ങിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്
Rohit Sharma: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഓപ്പണറാകും. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ രോഹിത് ആറാമനായാണ് ബാറ്റ് ചെയ്യാനെത്തിയത്. കെ.എല്‍.രാഹുല്‍ ആയിരുന്നു ഓപ്പണര്‍. അഡ്‌ലെയ്ഡിലെ രണ്ട് ഇന്നിങ്‌സുകളിലും നിറംമങ്ങിയ രോഹിത്തിനെ വീണ്ടും ഓപ്പണര്‍ സ്ഥാനത്തേക്ക് തിരിച്ചെത്തിക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.
മധ്യനിരയില്‍ ഇറങ്ങുമ്പോള്‍ രോഹിത്തിന്റെ ശരീരഭാഷ വളരെ ദുര്‍ബലമായി കാണപ്പെടുന്നെന്നും ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തിയാല്‍ അദ്ദേഹത്തിനു കൂടുതല്‍ ആക്രമിച്ചു കളിക്കാനാകുമെന്നും ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. രോഹിത് ഓപ്പണിങ്ങിലേക്ക് വരണമെന്നും രാഹുല്‍ അഞ്ചാമതോ ആറാമതോ ഇറങ്ങണമെന്നും സുനില്‍ ഗാവസ്‌കറും പറഞ്ഞു.
പരിശീലകന്‍ ഗൗതം ഗംഭീറും രോഹിത്തിനെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാനായി ഓപ്പണിങ്ങിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ രാഹുല്‍ അഞ്ചാമതോ ആറാമതോ ആയി ബാറ്റ് ചെയ്യും. മധ്യനിരയില്‍ ഇറങ്ങുമ്പോള്‍ രോഹിത് പ്രതിരോധത്തില്‍ ആകുന്നതു പോലെയാണ് തോന്നുന്നതെന്ന് ഇന്ത്യന്‍ ആരാധകരും അഭിപ്രായപ്പെടുന്നു. തുടക്കത്തില്‍ ആക്രമിച്ചു കളിച്ച് കുറച്ച് റണ്‍സ് കണ്ടെത്താനായാല്‍ അത് രോഹിത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും ആരാധകര്‍ കരുതുന്നു. രോഹിത് നല്ലൊരു തുടക്കം നല്‍കിയാല്‍ അത് ടീമിനു മൊത്തമായി ഗുണം ചെയ്യുമെന്നാണ് ക്രിക്കറ്റ് അനലിസ്റ്റുകളും വിലയിരുത്തുന്നത്.