ബെംഗളൂരു: ഐപിഎല്ലിൽ ഏറ്റവും ശക്തനായ താരവും ക്യാപ്റ്റനും ആരെന്നു ചോദിച്ചാൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി എന്നു തന്നെയാവും ഉത്തരം. മൂന്നു തവണ സിഎസ്കെയ്ക്ക് കിരീടം നേടിക്കൊടുത്തു. ധോനി കളിച്ച എല്ലാ സീസണിലും സിഎസ്‌കെ പ്ലേയോഫിൽ എത്തി. ആദ്യ ഐപിഎല്ലിൽ ധോണിയെ ആർസിബി സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് പിൻമാറുകയും ചെയ്യുകയായീരുന്നു. ഇതിന്റെ കാരണം തുറന്നുപറഞ്ഞിരിയ്ക്കുന്നത് ആർസിബി സിഇഒ ചാരു ശർമ.
അന്ന് ഒരു യുവതാരം മാത്രമായിരുന്ന ധോണിയുടെ കഴിവില്‍ തങ്ങൾക്ക് സംശയം ഉണ്ടായിരുന്നു എന്നും അതിനാൽ ലേലത്തില്‍ നിന്നും ഇടയ്ക്കുവച്ച് പിന്‍മാറുകയായിരുന്നു എന്നും ശര്‍മ പറയുന്നു. 'ലേലത്തില്‍ 10 കോടിയോളം രൂപയ്ക്കായിരുന്നു സിഎസ്‌കെ ധോണിയെ സ്വന്തമാക്കിയത്. ഇത്രയും പണം മുടക്കിയാല്‍ അത് നഷ്ടമാവുമോയെന്ന ഭയം ഉണ്ടായിരുന്നു. കാരണം ധോണി ഫ്ലോപ്പായാല്‍ അത് വലിയ തിരിച്ചടിയാകുമെന്ന ആശങ്ക തങ്ങളെ പിന്‍മാറാന്‍ പ്രേരിപ്പിച്ചു
ലേലത്തില്‍ ധോണിയുടെ മൂല്യം കുത്തനെ വർധിച്ചപ്പോൾ തന്നെ അത് സ്വീകാര്യമല്ല എന്ന് മനസ്സിലാക്കിയിരുന്നു. ക്രിക്കറ്റെന്നത് വണ്‍മാന്‍ ഷോയല്ല. ടീം ഗെയിമാണ്. ഐപിഎല്ലില്‍ ആദ്യ സീസണില്‍ അദ്ദേഹം ഫ്‌ളോപ്പായി മാറിയിരുന്നെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ? അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ സിഎസ്‌കെയുടെ ആരാധകർ തന്നെ ടീമിനെതിരേ തിരിയുമായിരുന്നു. ഇത്രയും വലിയ തുക ധോണിക്കു വേണ്ടി മുടക്കിയത് എന്തിന് എന്ന് അവര്‍ തന്നെ ചോദിക്കുമായിരുന്നു. ശർമ പറഞ്ഞു.