ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ആരാകുമെന്ന ആശങ്ക നിലനില്‍ക്കെ ബാറ്റിംഗ് പരിശീലക സ്ഥാനത്ത് നിന്ന് സഞ്ജയ് ബംഗാര്‍ പുറത്താകുമെന്ന് ഏറെക്കുറെ ഉറപ്പായി. നിര്‍ണായക നാലാം നമ്പറില്‍ ഒരു ബാറ്റ്‌സ്‌മാനെ കണ്ടെത്താന്‍ കഴിയാത്തതും ബിസിസിഐയില്‍ നിന്നും പിന്തുണ ലഭിക്കാത്തതുമാണ് അദ്ദേഹത്തിന് തിരിച്ചടിയാകുന്നത്.
ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമിയിലെ തോല്‍വിയാണ് ബംഗാറിന്റെ സീറ്റ് ഇളക്കാന്‍ കാരണമായത്. കളിയുടെ ഗതി മാറ്റിമറിക്കുന്ന മഹേന്ദ്ര സിംഗ് ധോണിയെ വൈകി ക്രീസിലെത്തിച്ചതിന് പിന്നില്‍ ബംഗാര്‍ ആണെന്ന ആരോപണം ഇന്നും ശക്തമാണ്. ബിസിസിഐയിലെ ഒരു വിഭാഗം ഈ വിശ്വാസം വെച്ചു പുലര്‍ത്തുന്നുണ്ട്.
രണ്ടു വര്‍ഷമയി നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷനില്‍ ഒരു സ്ഥിരം താരത്തെ കണ്ടെത്താനും ബാറ്റിംഗ് പരിശീലകനായ ബംഗാറിനായിട്ടില്ല. ലോകകപ്പില്‍ നിന്നും ടീം പുറത്താകുന്നതിന് പ്രധാന കാരണം ബാറ്റ്‌സ്‌മാന്മാരുടെ പിഴവാണ്. ഇതും ബംഗാറിന്റെ നിലനില്‍പ്പിന് ഭീഷണിയായി തുടരുന്നുണ്ട്.
സെമിയില്‍ ധോണിയെ വൈകി ബാറ്റിംഗിന് അയച്ചത് തന്റെ മാത്രം തീരുമാനപ്രകാരമല്ലെന്നും കോഹ്‌ലിക്കും രവി ശാസ്‌ത്രിക്കും ഈ തീരുമാനത്തില്‍ പങ്കുണ്ടെന്നും ബംഗാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഈ നിലപാട്
ബിസിസിഐ തള്ളുകയാണെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.