Sanju Samson: ആര്‍ച്ചര്‍ വന്നു, സഞ്ജു പോയി ! പ്രത്യേക ബാറ്റിങ് പരിശീലനം കൊണ്ട് ഗുണമുണ്ടായില്ല
സഞ്ജുവിന്റെ ബലഹീനത മനസിലാക്കി തന്നെയാണ് ആര്‍ച്ചര്‍ ഇത്തവണയും പന്തെറിഞ്ഞത്
Sanju Samson: ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറിനു മുന്നില്‍ വീണ്ടും 'മുട്ടിടിച്ച്' സഞ്ജു സാംസണ്‍. രാജ്‌കോട്ടില്‍ നടക്കുന്ന മൂന്നാം ട്വന്റി 20 മത്സരത്തില്‍ സഞ്ജുവിനെ ആര്‍ച്ചര്‍ പുറത്താക്കി. ഓപ്പണറായി ഇറങ്ങിയ സഞ്ജു ആറ് പന്തില്‍ നിന്ന് മൂന്ന് റണ്‍സെടുത്താണ് പുറത്തായത്.
സഞ്ജുവിന്റെ ബലഹീനത മനസിലാക്കി തന്നെയാണ് ആര്‍ച്ചര്‍ ഇത്തവണയും പന്തെറിഞ്ഞത്. ബോഡി ലൈനില്‍ വന്ന ആര്‍ച്ചറിന്റെ ഷോര്‍ട്ട് ബോള്‍ അതിര്‍ത്തി കടത്താന്‍ ശ്രമിച്ച സഞ്ജു മിഡ് വിക്കറ്റില്‍ ആദില്‍ റാഷിദിനു ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ആര്‍ച്ചറിന്റെ ഷോര്‍ട്ട് ബോളുകളെ നേരിടാന്‍ സഞ്ജു പ്രത്യേക പരിശീലനം നടത്തിയിരുന്നു. എന്നാല്‍ അതൊന്നും രാജ്‌കോട്ടില്‍ ഫലം കണ്ടില്ല. അലക്ഷ്യമായ ഷോട്ടിനു ശ്രമിച്ച് സഞ്ജു വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.
കഴിഞ്ഞ രണ്ട് ട്വന്റി 20 മത്സരങ്ങളിലും ആര്‍ച്ചര്‍ തന്നെയാണ് സഞ്ജുവിനെ പുറത്താക്കിയത്. ഒന്നാം ട്വന്റി 20 യില്‍ 20 പന്തില്‍ നിന്ന് 26 റണ്‍സെടുത്താണ് സഞ്ജുവിന്റെ പുറത്താകല്‍. ആര്‍ച്ചര്‍ എറിഞ്ഞ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച സഞ്ജുവിനെ ഡീപ് മിഡ് വിക്കറ്റില്‍ അറ്റ്കിന്‍സണ്‍ ക്യാച്ചെടുത്താണ് പുറത്താക്കിയത്. രണ്ടാം ട്വന്റി 20 യില്‍ ഏഴ് പന്തില്‍ നിന്ന് അഞ്ച് റണ്‍സെടുത്ത് സഞ്ജു പുറത്തായപ്പോള്‍ അപ്പുറത്ത് വില്ലനായത് ആര്‍ച്ചര്‍ തന്നെ. രണ്ടാം ടി20 യില്‍ ഓഫ് സ്റ്റംപിനു പുറത്ത് എറിഞ്ഞ ഷോര്‍ട്ട് ബോളാണ് സഞ്ജുവിന് പണി കൊടുത്തത്. ഡീപ് സ്‌ക്വയറില്‍ ബ്രണ്ടന്‍ കാഴ്‌സ് ആണ് അന്ന് സഞ്ജുവിന്റെ ക്യാച്ചെടുത്തത്.