Sanju Samson: സഞ്ജു ടീമിലുള്ളത് സൂര്യകുമാറും ഗംഭീറും അറിഞ്ഞില്ലേ? ബാറ്റിങ് ഓര്‍ഡറില്‍ എട്ടാമന്‍ !
ഫിനിഷറായി പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയ ശിവം ദുബെ, സ്പിന്‍ ഓള്‍റൗണ്ടര്‍ ആയ അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്കു പോലും സഞ്ജുവിനേക്കാള്‍ മുന്‍പ് ബാറ്റിങ്ങില്‍ അവസരം കിട്ടി
Sanju Samson: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ആറ് വിക്കറ്റുകള്‍ നഷ്ടമായിട്ടും ബാറ്റിങ്ങിനു അവസരം ലഭിക്കാതെ സഞ്ജു സാംസണ്‍. ഓപ്പണറായി ഇറങ്ങി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് ട്വന്റി 20 സെഞ്ചുറികള്‍ നേടിയ സഞ്ജുവിനെ ടീം മാനേജ്‌മെന്റ് ബാറ്റിങ്ങിനു ഇറക്കാത്തത് വിചിത്ര തീരുമാനമായാണ് ആരാധകര്‍ കാണുന്നത്.
ഫിനിഷറായി പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയ ശിവം ദുബെ, സ്പിന്‍ ഓള്‍റൗണ്ടര്‍ ആയ അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്കു പോലും സഞ്ജുവിനേക്കാള്‍ മുന്‍പ് ബാറ്റിങ്ങില്‍ അവസരം കിട്ടി. അഞ്ചാമതോ ആറാമതോ ബാറ്റ് ചെയ്യേണ്ടിയിരുന്ന ദുബെ എത്തിയത് വണ്‍ഡൗണ്‍ ആയി.
ഏഷ്യ കപ്പില്‍ ഇതുവരെ എല്ലാ മത്സരങ്ങളിലും ഇന്ത്യക്കായി സഞ്ജു ഇറങ്ങിയെങ്കിലും അര്‍ഹതപ്പെട്ട രീതിയില്‍ താരത്തിനു അവസരം ലഭിച്ചിട്ടില്ല. ഒമാനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടി കളിയിലെ താരമായ സഞ്ജുവിനെ അംഗീകരിക്കാന്‍ ടീം മാനേജ്‌മെന്റിനു എന്താണ് ബുദ്ധിമുട്ടെന്ന് ആരാധകര്‍ ചോദിക്കുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ സഞ്ജുവിനു ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ല. ഈ കളിയില്‍ ശിവം ദുബെയെ അഞ്ചാമതായി ഇറക്കി. സമാന രീതിയില്‍ തന്നെയാണ് ബംഗ്ലാദേശിനെതിരായ കളിയിലും സഞ്ജുവിനെ തഴഞ്ഞത്.
അതേസമയം ടീം മാനേജ്‌മെന്റ് തുടര്‍ച്ചയായി അവഗണിക്കുമ്പോഴും പരാതികളോ പരിഭവമോ ഇല്ലാതെയാണ് സഞ്ജുവിന്റെ പ്രതികരണം. സഞ്ജുവിനു ഓപ്പണര്‍ സ്ഥാനം നല്‍കാത്ത ടീം മാനേജ്മെന്റ് തീരുമാനത്തെ കുറിച്ച് അവതാരകനായ സഞ്ജയ് മഞ്ജരേക്കര്‍ ഒന്നാം ഇന്നിങ്‌സ് കഴിഞ്ഞുള്ള ഇടവേളയില്‍ സഞ്ജുവിനോടു ചോദിച്ചിരുന്നു. ടീം മാനേജ്മെന്റിനെ കുറ്റപ്പെടുത്താതെ, യാതൊരു പരിഭവവും പ്രകടിപ്പിക്കാതെ വളരെ പോസിറ്റീവായാണ് സഞ്ജു ഈ ചോദ്യത്തിനു മറുപടി നല്‍കിയത്. 'നോക്കൂ, ഈയടുത്ത് കേരളത്തില്‍ നിന്നുള്ള നടനായ മോഹന്‍ലാലിനു രാജ്യത്തെ തന്നെ വലിയൊരു പുരസ്‌കാരം ലഭിച്ചു. കഴിഞ്ഞ 30-40 വര്‍ഷമായി അദ്ദേഹം അഭിനയരംഗത്തുണ്ട്. ഞാനും എന്റെ രാജ്യത്തിനായി കഴിഞ്ഞ പത്ത് വര്‍ഷമായി കളിക്കുന്നു. ചിലപ്പോള്‍ എനിക്ക് വില്ലനാകേണ്ടി വരും, അല്ലെങ്കില്‍ ജോക്കറുടെ റോള്‍. ഏത് സാഹചര്യത്തിലും ഞാന്‍ കളിക്കണം. ഓപ്പണറായി സെഞ്ചുറി നേടിയതുകൊണ്ട് ആദ്യ മൂന്നില്‍ തന്നെ സ്ഥാനം വേണമെന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. ഞാന്‍ ഇതിലും പരിശ്രമിക്കട്ടെ. എന്തുകൊണ്ട് എനിക്ക് മികച്ചൊരു വില്ലന്‍ ആയിക്കൂടാ?,' സഞ്ജു പറഞ്ഞു.