കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാമത്തെ സീസണില്‍ അരങ്ങേറ്റം നടത്തിയെങ്കിലും കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി ഓപ്പണിങ്ങില്‍ ഇറങ്ങാതെ ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് മാറിയത് ചര്‍ച്ചയാക്കി ആരാധകര്‍. ഇന്നലെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അദാനി ട്രിവാന്‍ഡ്രമൈനെതിരെ 98 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം മാത്രമാണ് സഞ്ജുവിന്റെ ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനുണ്ടായിരുന്നത്. സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം കാണാനെത്തിയവരെ നിരാശരാക്കി വിനൂപ് മനോഹരനും ജോബിന്‍ ജോയിയുമാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്തത്.
നാലാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ജോബിന്‍ ജോയ് പുറത്തായെങ്കിലും മൂന്നാം നമ്പറില്‍ മുഹമ്മദ് ഷാനുവും പിന്നീട് നാലാമനായി സഞ്ജുവിന്റെ സഹോദരനായ സാലി വിശ്വനാഥുമാണ് ഇറങ്ങിയത്. ഇരുവരും മത്സരം വിജയിപ്പിച്ചതോടെ സഞ്ജുവിന് ക്രീസിലിറങ്ങേണ്ടിവന്നില്ല. കേരള ക്രിക്കറ്റ് ലീഗിലെ ഈ ബാറ്റിംഗ് പൊസിഷനിലെ മാറ്റം ഇന്ത്യന്‍ ടീമിന്റെ ഏഷ്യാകപ്പ് മുന്നൊരുക്കത്തിന്റെ കൂടി സൂചനയാണെന്നാണ് ഇതോടെ ആരാധകര്‍ പറയുന്നത്.
ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയെങ്കിലും ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി മടങ്ങിയെത്തിയതോടെ സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനം നഷ്ടമാകുമെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് കെസിഎല്ലില്‍ സഞ്ജു മധ്യനിരയില്‍ ഫിനിഷിങ് റോളില്‍ കളിക്കുന്നതെന്നാണ് സൂചന. നിലവില്‍ ഇന്ത്യന്‍ ടീമില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ തിലക് വര്‍മയും സൂര്യകുമാര്‍ യാദവും ഉള്ളതിനാല്‍ അഞ്ചാം നമ്പറിലാകും സഞ്ജു ക്രീസിലെത്തുക. സഞ്ജു അഞ്ചാമനായാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവരാകും ആറും ഏഴും സ്ഥാനങ്ങളിലെത്തുക.
അതേസമയം സഞ്ജുവിനെ ഓപ്പണറായി പരിഗണിക്കുമെന്ന ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ പ്രതികരണമാണ് ആരാധകരില്‍ തലവേദന സൃഷ്ടിക്കുന്നത്. ഓപ്പണറായി സഞ്ജുവിനെ പരിഗണിച്ചില്ലെങ്കില്‍ മധ്യനിരയില്‍ ഐപിഎല്ലില്‍ ഫിനിഷറായി തിളങ്ങിയ ജിതേഷ് ശര്‍മയേയാകും ടീം പരിഗണിക്കുക. അതിനാല്‍ തന്നെ ഏഷ്യാകപ്പിന് മുന്‍പായി നടക്കുന്ന കെസിഎല്ലില്‍ മധ്യനിരയില്‍ കഴിവ് തെളിയിക്കാനാകും സഞ്ജുവിന്റെ ശ്രമം.