ദൈവത്തിന്റെ പത്താം നമ്പര്‍ ബിസിസിഐ തിരിച്ചുപിടിച്ചു; സച്ചിന്‍ ആരാധകരുടെ ചീത്തവിളി കേട്ട ശാര്‍ദുല്‍ താക്കുറിന് പുതിയ നമ്പര്‍
സച്ചിന്‍ ആരാധകരുടെ ചീത്തവിളി കേട്ട ശാര്‍ദുല്‍ താക്കുറിന് പുതിയ നമ്പര്‍
ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തിലൂടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച ശാര്‍ദുല്‍ താക്കൂര്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ജേഴ്‌സി അണിഞ്ഞത് വിവാദത്തിലകപ്പെട്ടതിനെ തുടര്‍ന്ന് ജേഴ്‌സി നമ്പര്‍ മാറ്റി.
സച്ചിന്റെ 10നമ്പര്‍ ഉപേക്ഷിച്ച വലംകൈയന്‍ മീഡിയം ഫാസ്റ്റ് ബൗളറായ ശാര്‍ദുല്‍ 54 ആണ് തെരഞ്ഞെടുത്തിരിക്കുന്നത്.
പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞ് ഗ്രൌണ്ടിറങ്ങിയ ശാര്‍ദുലിനെ സച്ചിന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആക്രമിച്ചിരുന്നു.
ഇന്ത്യന്‍ ആരാധകര്‍ ക്രിക്കറ്റ് ദൈവമെന്ന് വിശേഷിപ്പിക്കുന്ന സച്ചിന്റെ ജേഴ്‌സി നമ്പര്‍ സ്വീകരിക്കാന്‍ ശാര്‍ദുല്‍ താക്കൂറിന് എങ്ങനെ സാധിച്ചുവെന്നും വിമര്‍ശകര്‍ ചോദിച്ചിരുന്നു. 'ജേഴ്‌സി നമ്പര്‍ 10' എന്ന പേരില്‍ ഹാഷ്ടാഗ് ചേര്‍ത്തായിരുന്നു നവമാധ്യമങ്ങളിൽ യുവതാരത്തെ കൊല്ലാക്കൊല ചെയ്‌തത്.
സച്ചിനെയല്ലാതെ മറ്റാരെയും ആ ജേഴ്‌സി നമ്പറില്‍ കാണാനാകില്ലെന്ന് ചില ആരാധകര്‍ പറഞ്ഞപ്പോള്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ പത്താം നമ്പര്‍ ജേഴ്‌സി ധരിക്കാന്‍ ശാര്‍ദുല്‍ താക്കൂറിന് എങ്ങനെ ധൈര്യം വന്നുവെന്നും മറ്റുചിലര്‍ ചോദിച്ചു.
പത്താം നമ്പര്‍ ജേഴ്‌സി ശാര്‍ദുല്‍ അര്‍ഹിക്കുന്നില്ലെന്നും അഴിച്ചുമാറ്റാനും ചിലര്‍ ആവശ്യപ്പെട്ടു. പത്താം നമ്പര്‍ ജേഴ്‌സി ധരിക്കാൻ ശാർദൂൽ ഏറെ ദൂരം മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ചിലര്‍ വ്യക്തമാക്കിയപ്പോള്‍ പുതുമുഖത്തിന് ജേഴ്‌സി നല്‍കിയതില്‍ ബിസിസിഐയ്ക്ക് നേരെയും രൂക്ഷമായ പ്രതികരണങ്ങളും ചീത്തവിളിയും ഉണ്ടായി.
പത്താം നമ്പർ ജഴ്സി ഉപയോഗിക്കാൻ ബിസിസിഐ ഇനി ആരെയും അനുവദിക്കരുതെന്നാണ് ഏറെപ്പേർ ആവശ്യപ്പെട്ടത്. അത് വെറുമൊരു നമ്പർ മാത്രമാണെന്ന് ബിസിസിഐ ധരിക്കരുതെന്നും സച്ചിനെ ആരാധിക്കുന്നവരുടെ മുഴുവൻ വികാരമാണ് ആ നമ്പറെന്നും ചിലർ വ്യക്തമാക്കിയിരുന്നു.