ഇത്തവണത്തെ ഏകദിന ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം പാകിസ്ഥാനാണെന്ന് മുന്‍ പാകിസ്ഥാന്‍ സൂപ്പര്‍ പേസര്‍ ഷൊയെബ് അക്തര്‍. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ലോകകപ്പ് കളിക്കണമെന്നത് ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് ആക്കുക മാത്രമാണ് ചെയ്യുകയെന്നും അക്തര്‍ പറയുന്നു.
എല്ലാ സ്‌റ്റേദിയങ്ങളും നിറഞ്ഞായിരിക്കും ഇരിക്കുക. ടെലിവിഷന് മുന്‍പിലും സോഷ്യല്‍ മീഡിയയിലും ആളുകള്‍ തടിച്ചുകൂടും. ഇതെല്ലാം വലിയ സമ്മര്‍ദ്ദമാകും ഇന്ത്യന്‍ ടീമിന് നല്‍കുന്നത്. എന്നാല്‍ ലോകകപ്പ് അടുത്തെത്തിയിട്ടും ഇപ്പോഴും ഇന്ത്യയ്ക്ക് കൃത്യമായ ഒരു പ്ലേയിംഗ് ഇലവനില്ലെന്ന് അക്തര്‍ പറയുന്നു. കഴിഞ്ഞ 2 വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് കൃത്യമായ ഒരു ടീം ഇല്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇപ്പോഴും നാലാം നമ്പറില്‍ ആര് കളിക്കുമെന്ന് ഇന്ത്യയ്ക്ക് വ്യക്തതയില്ല. വിരാട് കോലി എവിടെയാണ് കളിക്കുന്നത് മൂന്നാമനാണോ നാലാമനാണോ? ഇഷാന്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നു പക്ഷേ അവന്‍ ടീമില്‍ ഉണ്ടോ? അക്തര്‍ ചോദിക്കുന്നു. ബാറ്റിംഗിനെ പോലെ തന്നെ ഇന്ത്യന്‍ ബൗളിംഗിനെ പറ്റിയും ടീമിന് വ്യക്തതയില്ല.
എട്ടാമനായും ബാറ്റ് ചെയ്യാന്‍ അറിയുന്ന ഒരു താരം വേണമെന്ന് ടീം കരുതുമ്പോള്‍ ഒരു ബൗളര്‍ കുറവായാണ് ആ ടീമില്‍ കളിക്കുന്നതെന്ന് വേണം കരുതാന്‍. രോഹിത് ശര്‍മ കഴിഞ്ഞ തവണയെത്തിയ രോഹിത് ശര്‍മയല്ല. സ്റ്റാന്‍സിലടക്കം രോഹിത് മാറ്റം വരുത്തിയിട്ടുണ്ട്. പല തവണ രോഹിത് ബൗള്‍ഡ് ആകുകയോ ബീറ്റണ്‍ ആകുകയോ ചെയ്യുന്നു. ഇതെല്ലാം ഇന്ത്യ നേരിടുന്ന സമ്മര്‍ദ്ദത്തെയാണ് കാണിക്കുന്നത്. ഇന്ത്യയുടെ ഈ സമ്മര്‍ദ്ദം പാകിസ്ഥാന്‍ മുതലാക്കണമെന്ന് ഞാന്‍ കരുതുന്നു. പാകിസ്ഥാന്‍ ഇന്ത്യയില്‍ ഈ ലോകകപ്പ് വിജയിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരുപാട് പ്രതിസന്ധികളിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. ഒരു ലോകകപ്പ് വിജയം പാകിസ്ഥാന്‍ ജനതയ്ക്ക് നല്‍കുന്ന ആശ്വാസം ചെറുതായിരിക്കില്ല. അക്തര്‍ പറഞ്ഞു.