Shubman Gill blasts Akash Deep: 'എന്ത് നോക്കിയാ നില്‍ക്കുന്നെ'; പുതിയ ക്യാപ്റ്റന്‍ അത്ര 'കൂളല്ല', ആകാശ് ദീപിനു വഴക്ക് (വീഡിയോ)
Shubman Gill Angry: ബൗളര്‍ ആകാശ് ദീപിനോടാണ് ഗില്‍ സ്വരം കടുപ്പിച്ച് സംസാരിച്ചത്
Shubman Gill blasts Akash Deep: രോഹിത് ശര്‍മയ്ക്കു ശേഷം ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശുഭ്മാന്‍ ഗില്‍ ഗ്രൗണ്ടില്‍ അത്ര കൂളായല്ല സഹതാരങ്ങളോടു പെരുമാറുന്നത്. ഏതെങ്കിലും സഹതാരത്തില്‍ നിന്ന് ഒരു പിഴവ് വന്നാല്‍ അവരെ ശകാരിക്കാന്‍ ഗില്ലിനു ഒരു മടിയുമില്ല. അങ്ങനെയൊരു സംഭവമാണ് എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ രണ്ടാം ദിനം നടന്നത്.
ബൗളര്‍ ആകാശ് ദീപിനോടാണ് ഗില്‍ സ്വരം കടുപ്പിച്ച് സംസാരിച്ചത്. ഇരുവരും ഒന്നിച്ച് ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 140-ാം ഓവറിലെ അഞ്ചാം പന്തില്‍ ഗില്‍ സിംഗിളിനായി ശ്രമിച്ചപ്പോള്‍ ആകാശ് ദീപ് അല്‍പ്പം പതുക്കെയാണ് ഓടിയത്. ഇത് ഇന്ത്യന്‍ നായകനു ഇഷ്ടപ്പെട്ടില്ല.
വേഗതയില്‍ ഓടിയെടുക്കേണ്ട സിംഗിളായിരുന്നു അത്. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടുകയായിരുന്ന ആകാശ് ദീപിനു അല്‍പ്പമൊന്നു വേഗത കുറഞ്ഞു. ഉടനെ ഗില്‍ സഹതാരത്തെ വഴക്കുപറഞ്ഞു. ' നീ എന്ത് നോക്കി നില്‍ക്കാ? വേഗം ഓടിക്കൂടെ'. അല്‍പ്പം ദേഷ്യത്തോടെയാണ് ഗില്‍ ഇതുപറയുന്നതെന്ന് താരത്തിന്റെ മുഖഭാവത്തില്‍ നിന്നു വ്യക്തമാണ്.
ഒന്നാം ദിനത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് മോശം ഷോട്ടില്‍ പുറത്തായപ്പോഴും ഗില്‍ നിരാശ പ്രകടിപ്പിച്ചിരുന്നു. പന്തിന്റെ അലക്ഷ്യമായ ഷോട്ടിനു പിന്നാലെ ഗില്‍ വളരെ അസ്വസ്ഥനായാണ് കാണപ്പെട്ടത്. 387 പന്തില്‍ 30 ഫോറും മൂന്ന് സിക്‌സും സഹിതം 269 റണ്‍സ് നേടിയ ഗില്‍ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.