Shubman Gill: രാജകുമാരനു കിരീടധാരണം; എഡ്ജ്ബാസ്റ്റണില്‍ ഇരട്ട സെഞ്ചുറിയുമായി ഗില്‍
Shubman Gill Double Hundred: ഇംഗ്ലണ്ടില്‍ ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ഗില്‍
Shubman Gill: എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിനു ഇരട്ട സെഞ്ചുറി. 311 പന്തുകളില്‍ 21 ഫോറുകളും ഒരു സിക്‌സും സഹിതമാണ് ഗില്‍ ടെസ്റ്റ് കരിയറിലെ കന്നി ഇരട്ട സെഞ്ചുറി നേടിയത്.
ഇംഗ്ലണ്ടില്‍ ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ഗില്‍. നേരത്തെ സുനില്‍ ഗവാസ്‌കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഇരട്ട സെഞ്ചുറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഗില്‍ രണ്ടാമതെത്തി. എഡ്ജ്ബാസ്റ്റണില്‍ ഇരട്ട സെഞ്ചുറി നേടുമ്പോള്‍ ഗില്ലിന്റെ പ്രായം 25 വയസും 298 ദിവസവുമാണ്. 26 വയസും 189 ദിവസവും പ്രായമായിരിക്കെ ഇരട്ട സെഞ്ചുറി നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഗില്‍ മറികടന്നു. 23 വയസും 39 ദിവസവും പ്രായമുള്ളപ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഇരട്ട സെഞ്ചുറി നേടിയ മാക് പട്ടൗടിയാണ് പട്ടികയില്‍ ഒന്നാമത്.
ഏകദിനത്തിലും ടെസ്റ്റിലും ഇരട്ട സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ഗില്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ എന്നിവരാണ് മറ്റു മൂന്ന് താരങ്ങള്‍. മാത്രമല്ല 25-ാം വയസ്സില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തം പേരിലാക്കി.
125 പന്തുകള്‍ നേരിട്ടാണ് ഗില്‍ അര്‍ധ സെഞ്ചുറിയിലെത്തിയത്. സെഞ്ചുറി പൂര്‍ത്തിയാക്കിയത് 199-ാം പന്തില്‍. സെഞ്ചുറിക്കു ശേഷമുള്ള 100 റണ്‍സെടുക്കാന്‍ ഗില്ലിനു വേണ്ടിവന്നത് 112 പന്തുകള്‍ മാത്രം. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഗില്‍ സെഞ്ചുറി നേടിയിരുന്നു.