കൊല്‍ക്കത്ത ടെസ്റ്റില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഗംഭീര്‍ പിച്ചില്‍ കൂടുതല്‍ ശ്രദ്ധ വെയ്ക്കാതെ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനം മെച്ചപ്പെടുത്താനായാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഗാംഗുലി പറയുന്നു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇംഗ്ലണ്ടില്‍ ഇന്ത്യയ്ക്ക് വിജയിക്കാനായത് ബാറ്റര്‍മാര്‍ക്ക് മികച്ച പ്രകടനം നടത്താനായതുകൊണ്ടാണ്. 3 ദിവസങ്ങള്‍ക്കുള്ളില്‍ കളി ജയിക്കാനല്ല മറിച്ച് 4 ദിവസങ്ങള്‍ക്കുള്ളില്‍ ടെസ്റ്റുകള്‍ വിജയിക്കാനാണ് ഇന്ത്യ ലക്ഷ്യമിടേണ്ടത്. ഞാന്‍ ഈ പറയുന്നത് ഗംഭീര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. പിച്ച് എങ്ങനെയാണ് എന്നതിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതില്‍ നിന്ന് ഗംഭീര്‍ ഒഴിവാകണം.
ബാറ്റര്‍മാര്‍ 350- 400 റണ്‍സ് നേടിയില്ലെങ്കില്‍ ടെസ്റ്റ് മത്സരങ്ങള്‍ നമുക്ക് ജയിക്കാനാവില്ല. ഇംഗ്ലണ്ടില്‍ ബാറ്റര്‍മാര്‍ റണ്‍സ് നേടി. നല്ല വിക്കറ്റുകളില്‍ കളിക്കണം. ടീമിലെ കളിക്കാരെ ഗംഭീര്‍ വിശ്വാസത്തിലെടുക്കണം. 3 ദിവസം കൊണ്ടല്ല 5 ദിവസം കൊണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ജയിക്കാന്‍ ശ്രമിക്കണം. ഗാംഗുലി പറഞ്ഞു.