ക്രിക്കറ്റ് ലോകത്ത് ഏതൊരു ബാറ്റ്‌സ്മാനും കണ്ണ് വെയ്ക്കുന്ന നേട്ടമാണ് വെസ്റ്റിന്‍ഡീസ് താരമായ ബ്രയാന്‍ ലാറയുടെ 400* നോട്ടൗട്ട് എന്ന നേട്ടം. റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാന്‍ കൂടിയുള്ളതാണെന്ന് എല്ലാവരും അംഗീകരിക്കുമ്പോള്‍ തന്നെ പല ഇതിഹാസങ്ങളുടെയും റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടരുതെന്ന് സ്വകാര്യമായി നമ്മള്‍ ആഗ്രഹിക്കാറുള്ളതാണ്. ഇന്നലെ സിംബാബ്വെയ്‌ക്കെതിരായ മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 367ല്‍ നില്‍ക്കെ ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്യാനുള്ള ദക്ഷിണാഫ്രിക്കയുടെ തീരുമാനം ക്രിക്കറ്റ് ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു.
ബ്രയന്‍ ലാറ എന്ന ഇതിഹാസതാരത്തിന്റെ റെക്കോര്‍ഡ് നേട്ടം മറികടക്കാന്‍ വെറും 34 റണ്‍സ് മാത്രം മതിയെന്ന നിലയിലായിരുന്നു അപ്രതീക്ഷിതമായി ദക്ഷിണാഫ്രിക്ക ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തത്. തകര്‍പ്പന്‍ ഫോമില്‍ കളിച്ചിരുന്ന വിയാന്‍ മുള്‍ഡര്‍ക്ക് വെറും 10 ഓവറുകള്‍ മാത്രമാണ് ലാറയുടെ റെക്കോര്‍ഡ് മറികടക്കാന്‍ ആവശ്യമായിട്ടുണ്ടായിരുന്നത്. മത്സരശേഷം എന്തുകൊണ്ട് ആ തീരുമാനമെടുത്തു എന്ന ചോദ്യത്തിനുള്ള മുള്‍ഡറുടെ മറുപടിയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തിന്റെ കൈയടി നേടുന്നത്.
മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍ 626 റണ്‍സെത്തിനില്‍ക്കെയായിരുന്നു മുള്‍ഡറുടെ ഡിക്ലറേഷന്‍ തീരുമാനം. ബ്രയന്‍ ലാറയോടുള്ള ബഹുമാനം മാത്രമാണ് തീരുമാനത്തിന് പിന്നിലെന്നാണ്‍ മുള്‍ഡര്‍ വ്യക്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ 2004ലായിരുന്നു ബ്രയന്‍ ലാറയുടെ റെക്കോര്‍ഡ് നേട്ടം. ഒരിക്കലും ലാറയുടെ റെക്കോര്‍ഡ് ലക്ഷ്യം വെയ്ക്കില്ലെന്നാണ് മുള്‍ഡര്‍ പറയുന്നത്.
ബ്രയന്‍ ലാറ ക്രിക്കറ്റിലെ ഇതിഹാസമാണ്. അത്തരമൊരു പദവിയിലുള്ള താരത്തിന്റെ റെക്കോര്‍ഡെന്നത് സ്‌പെഷ്യലായിട്ടുള്ള കാര്യമാണ്. ഒരുപക്ഷേ ഒരിക്കല്‍ കൂടി എനിക്ക് ആ നേട്ടം തകര്‍ക്കാനുള്ള അവസരം ലഭിക്കുകയാണെങ്കിലും ഇത് തന്നെയാകും ഞാന്‍ ചെയ്യുക. ഞാന്‍ എന്റെ തീരുമാനം കോച്ചുമായി സംസാരിച്ചിരുന്നു. ഇതിഹാസങ്ങള്‍ അവരുടെ റെക്കോര്‍ഡുകള്‍ നിലനിര്‍ത്തട്ടെ. ആ റെക്കോര്‍ഡ് ലാറ തന്നെ സൂക്ഷിക്കുന്നതാണ് അതിന്റെ ശരി. മത്സരശേഷം മുള്‍ഡര്‍ പറഞ്ഞു.
അതേസമയം 2 അഭിപ്രായങ്ങളാണ് മുള്‍ഡറുടെ പ്രതികരണത്തിന് ലഭിക്കുന്നത്. മത്സരം എന്തുകൊണ്ടും ദക്ഷിണാഫ്രിക്ക വിജയിക്കുമെന്ന ഘട്ടത്തില്‍ 400 റണ്‍സെന്ന നേട്ടം സ്വന്തമാക്കാന്‍ മുള്‍ഡര്‍ തയ്യാറാകണമായിരുന്നുവെന്നും ചെയ്തത് മണ്ടത്തരമാണെന്നും ഒരു കൂട്ടര്‍ പറയുന്നു. അതേസമയം ലാറ റണ്‍സ് നേടിയത് ശക്തമായ ഇംഗ്ലണ്ട് ബൗളിങ്ങിനെതിരെ ആയിരുന്നുവെന്നും സിംബാബ്വെയ്‌ക്കെതിരെ ആ റെക്കോര്‍ഡ് മറികടന്നാല്‍ കുഞ്ഞന്‍ ടീമിനെ അടിച്ച് പറത്തിയ താരമെന്ന രീതിയില്‍ മാത്രമാകും മുള്‍ഡറുടെ റെക്കോര്‍ഡ് ഭാവിയില്‍ കണക്കാക്കുകയെന്നും ആ തരത്തില്‍ മുള്‍ഡര്‍ എടുത്തത് ശരിയായ തീരുമാനമായിരുന്നുവെന്നും മുള്‍ഡറെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. വിഷയത്തില്‍ 2 അഭിപ്രായമുണ്ടെങ്കിലും ലാറയുടെ റെക്കോര്‍ഡിന് ബഹുമാനിച്ച് കൊണ്ട് മുള്‍ഡറെടുത്ത തീരുമാനം കയ്യടി അര്‍ഹിക്കുന്നുവെന്ന് പറയുന്നവരാണ് ഏറെയും.