Publish Date: Tue, 25 Oct 2022 (20:03 IST)
Updated Date: Tue, 25 Oct 2022 (20:05 IST)
ലോകകപ്പിലെ ശ്രീലങ്കക്കെതിരായ ഗ്രൂപ്പ് പോരാട്ടത്തിൽ ഓസീസിന് വമ്പൻ വിജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 6 വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് നേടിയത്. ശ്രീലങ്കയ്ക്കായി പതും നിസങ്ക(40) ധനഞ്ജയ സിൽവ (26) ചരിത് അസലങ്ക(38) എന്നിവർ മാത്രമാണ് തിളങ്ങിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കം തന്നെ വിക്കറ്റുകൾ നഷ്ടമായെങ്കിലും സ്റ്റോയ്നിസ് ആഞ്ഞടിച്ചതോടെ വിജയം സ്വന്തമാക്കുകയായിരുന്നു.
ആദ്യ ഓവറുകളിൽ ഓസീസിനെ വരിഞ്ഞുമുറുക്കാൻ ശ്രീലങ്കയ്ക്കായെങ്കിലും മാക്സ്വെല്ലിലൂടെ ഓസീസ് മത്സരത്തിലേക്ക് തിരിച്ചുവന്നു. നായകൻ ആരോൺ ഫിഞ്ച് ടച്ച് കണ്ടെത്താൻ വലഞ്ഞതോടെ ഓസീസ് സ്കോർ ഇഴഞ്ഞുവെങ്കിലും ഫിഞ്ചിന് കൂട്ടായി വന്ന ഗ്ലെൻ മാക്സ്വെല്ലും തുടർന്നെത്തിയ സ്റ്റോയ്നിസും സ്കോർ ഉയർത്തി.
മാക്സ്വെൽ പുറത്തായതിനെ തുടർന്ന് ക്രീസിലെത്തിയ മാർക്കസ് സ്റ്റോയ്നിസ് ആദ്യ പന്ത് മുതൽ ആഞ്ഞടിച്ചുകൊണ്ടാണ് ലങ്കയ്ക്ക് മറുപടി നൽകിയത്. ഓസീസിൻ്റെ സ്കോറിങ് വേഗത കുറച്ച് കളി തിരിച്ചുപിടിക്കാമെന്ന ലങ്കൻ പ്രതീക്ഷകൾ കനപ്പെട്ട ഷോട്ടുകളിലൂടെ സ്റ്റോയ്നിസ് തച്ചുടച്ചു. 6 കൂടൻ സിക്സുകളും 4 ബൗണ്ടറികളുമടക്കം 18 പന്തിൽ 59 റൺസുമായി സ്റ്റോയ്നിസ് പുറത്താകാതെ നിന്നു. ലങ്കൻ പ്രതീക്ഷകളെ തല്ലിക്കെടുത്തിയ പ്രകടനത്തിൽ അർധസെഞ്ചുറി സ്റ്റോയ്നിസ് സ്വന്തമാക്കിയത് ബൗണ്ടറികളിലൂടെ മാത്രമാണ്.
ശ്രീലങ്കയ്ക്കെതിരായ വിജയത്തോടെ സെമി പ്രതീക്ഷകൾ സജീവമാക്കാൻ ഓസീസിനായി.