ഇന്ത്യ ലോകകപ്പ് നേടിയാൽ ജെമീമ ഗിത്താർ വായിക്കുമെങ്കിൽ ഞാൻ പാടും, സുനിൽ ഗവാസ്കർ
ബാറ്റിങ്ങില്‍ മാത്രമല്ല ഫീല്‍ഡിങ്ങിലും മികച്ച പ്രകടനമാണ് ജെമീമ നടത്തിയതെന്ന് ഗവാസ്‌കര്‍ പറഞ്ഞു.
വനിതാ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഫൈനലില്‍ കടന്ന ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ഇന്ത്യയുടെ ഇതിഹാസ താരമായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ജെമീമ റോഡ്രിഗസിനെയും താരം പ്രശംസിച്ചു. ബാറ്റിങ്ങില്‍ മാത്രമല്ല ഫീല്‍ഡിങ്ങിലും മികച്ച പ്രകടനമാണ് ജെമീമ നടത്തിയതെന്ന് ഗവാസ്‌കര്‍ പറഞ്ഞു. സെമിഫൈനലില്‍ 134 പന്തില്‍ നിന്നും 127 റണ്‍സാണ് ജെമീമ നേടിയത്.
ജെമീമയുടെ ഫീല്‍ഡിലെ മികവ് ഓസ്‌ട്രേലിയയുടെ സ്‌കോര്‍ 350 റണ്‍സിനുള്ളില്‍ ഒതുക്കുന്നതിനെ സഹായിച്ചിട്ട്ടുണ്ട്. ഫീല്‍ഡില്‍ 2 മികച്ച റണ്ണൗട്ടുകള്‍ക്ക് പിന്നിലും ജെമീമയുടെ പങ്കുണ്ടായിരുന്നു. ബാറ്റിങ്ങിനെ പറ്റി എല്ലാവരും വാചാലരാവുമ്പോള്‍ ഫീല്‍ഡിലെ താരത്തിന്റെ സംഭാവനകളെ മറക്കരുത്. വിദേശലീഗുകളില്‍ ബിഗ് ബാഷിലും ഹണ്ട്രഡിലും കളിച്ചുള്ള പരിചയം ജെമീമയ്ക്കുണ്ട്. ഹര്‍മന്‍ പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം വനിതാ ലോകകപ്പ് നേടിയാല്‍ ജെമീമയ്‌ക്കൊപ്പം താന്‍ ഡ്യൂയറ്റ് അവതരിപ്പിക്കുമെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
2024ലെ ബിസിസിഐ അവാര്‍ഡ് ദാനചടങ്ങില്‍ ഗവാസ്‌കറും ജെമീമയും ചേര്‍ന്ന് ഹം കിസിസെ കം നഹീന്‍ എന്ന സിനിമയിലെ ജനപ്രിയഗാനമായ ക്യാ ഹുവാ തേരാ വാദാ എന്ന ഗാനം ആലപിച്ചിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയാല്‍ ജെമീമ തയ്യാറാണെങ്കില്‍ ഞങ്ങള്‍ ചേര്‍ന്ന് ഒരു ഗാനം ആലപിക്കും. ജെമീമ ഗിത്താര്‍ വായിക്കുമ്പോള്‍ ഞാന്‍ ഒരു ഗാനം ആലപിക്കും. കുറച്ച് കാലം മുന്‍പ് ബിസിസിഐ അവാര്‍ഡുകളില്‍ ഞങ്ങളത് ചെയ്തിരുന്നു. ഗവാസ്‌കര്‍ പറഞ്ഞു.