Suryakumar Yadav: ക്യാപ്റ്റനായതുകൊണ്ട് ടീമില്‍ തുടരുന്നു; വീണ്ടും നിരാശപ്പെടുത്തി സൂര്യകുമാര്‍
ക്യാപ്റ്റന്‍സി ഉള്ളതുകൊണ്ട് മാത്രമാണ് ഇത്രയും മോശം ഫോമിലും സൂര്യ ടീമില്‍ തുടരുന്നതെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പരിഹസിക്കുന്നത്.
Suryakumar Yadav: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ അമ്പേ നിരാശപ്പെടുത്തി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. നാലാമനായി ക്രീസിലെത്തിയ സൂര്യ നാല് പന്തുകളില്‍ ഒരു റണ്‍സ് മാത്രമെടുത്ത് മടങ്ങി.ജോഷ് ഹെയ്സല്‍വുഡിന്റെ പന്തില്‍ ജോഷ് ഇഗ്ലിസിനു ക്യാച്ച് നല്‍കിയാണ് സൂര്യയുടെ മടക്കം.
ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം തുടര്‍ച്ചയായി ബാറ്റിങ്ങില്‍ പരാജയപ്പെടുകയാണ് സൂര്യകുമാര്‍. ഓസീസിനെതിരായ ഒന്നാം ടി20 മത്സരത്തില്‍ 24 പന്തില്‍ പുറത്താകാതെ നേടിയ 39 റണ്‍സാണ് സമീപകാലത്തെ തരക്കേടില്ലാത്ത വ്യക്തിഗത സ്‌കോര്‍.ക്യാപ്റ്റന്‍സി ഉള്ളതുകൊണ്ട് മാത്രമാണ് ഇത്രയും മോശം ഫോമിലും സൂര്യ ടീമില്‍ തുടരുന്നതെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പരിഹസിക്കുന്നത്.
ഏഷ്യ കപ്പില്‍ രണ്ട് പന്തില്‍ പുറത്താകാതെ ഏഴ്, 37 പന്തില്‍ 47,മൂന്ന് പന്തില്‍ പൂജ്യം, 11 പന്തില്‍ അഞ്ച്, 13 പന്തില്‍ 12,അഞ്ച് പന്തില്‍ ഒന്ന് എന്നിങ്ങനെയാണ് സൂര്യയുടെ വ്യക്തിഗത സ്‌കോറുകള്‍. ആറ് ഇന്നിങ്‌സുകളില്‍ നിന്നായി വെറും 72 റണ്‍സ് മാത്രം.ബാറ്റിങ് ശരാശരി 15 നും താഴെയാണ്.ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം ഇന്ത്യക്കായി ഇംപാക്ട് ഉണ്ടാക്കാന്‍ സൂര്യയുടെ ബാറ്റിനു സാധിക്കാത്തത് ആരാധകരെയും വലിയ രീതിയില്‍ നിരാശപ്പെടുത്തുന്നു.