ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ കാല്പാദത്തിനേറ്റ പരിക്ക് കാരണം പുറത്ത് പോകേണ്ടിവന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പകരക്കാരനെ ഇറക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ ഐസിസിക്ക് മുന്നില്‍ പുതിയ നിര്‍ദേശവുമായി മുന്‍ ഇംഗ്ലണ്ട് നായകനായ മൈക്കല്‍ വോണ്‍. ഐസിസി നിയമപ്രകാരം തലയ്ക്ക് പരിക്കേറ്റ് പുറത്തായാല്‍ മാത്രമെ ഒരു കളിക്കാരന് പകരക്കാരനായി കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനെ ഇറക്കാനാവുക. ഈ സാഹചര്യത്തില്‍ പന്തിന് പകരക്കാരനായി മറ്റൊരു താരത്തെ ഇറക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ല. അങ്ങനെയെങ്കില്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ 10 പേരുമായി ഇന്ത്യയ്ക്ക് കളിക്കേണ്ടതായി വരും. അങ്ങനെയൊന്ന് നീതീകരിക്കാനാവാത്തതാണെന്നാണ് മൈക്കള്‍ വോണ്‍ പറയുന്നത്.
ഇത്തരം സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനും കഴിയുന്ന പകരക്കാരനെ ഇറക്കാന്‍ അനുവദിക്കുന്ന സാഹചര്യത്തില്‍ ഐസിസി നിയമം മാറ്റാന്‍ തയ്യാറാകണമെന്ന് മൈക്കല്‍ വോണ്‍ പറഞ്ഞു. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കാലിന് പരിക്കേറ്റിട്ടും ക്രീസിലെത്തിയ റിഷഭ് പന്ത് മത്സരത്തില്‍ 54 റണ്‍സ് സ്വന്തമാക്കിയ ശേഷമാണ് പുറത്തായത്. ധ്രുവ് ജുറലാണ് മത്സരത്തില്‍ പന്തിന് പകരക്കാരനായി വിക്കറ്റ് കീപ്പ് ചെയ്യുന്നത്.