കോലി ഏറ്റവുമധികം ഭയപ്പെടുന്ന ബൗളർമാർ ഇവരാണ്

അഭിറാം മനോഹർ

ശനി, 15 ഫെബ്രുവരി 2020 (12:02 IST)
തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് ഇന്ത്യൻ നായകനായ വിരാട് കോലി കടന്നുപോയികൊണ്ടിരിക്കുന്നത്. തന്റെ കരിയറിൽ ഇതാദ്യമായാണ് തുടർച്ചയായ 3 ഏകദിന പരമ്പരകളിൽ സെഞ്ചുറി നേടാൻ സാധിക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ മടങ്ങുന്നത്. ടി20 ലോകകപ്പ് മത്സരങ്ങൾ ഈ വർഷം തന്നെ നടക്കാനിരിക്കെ ആരാധരും കോലിയുടെ ഫോമിനെ പറ്റി ആശങ്കയിലാണ്. 
 
കോലിയുടെ മോശം ഫോം കണക്കിലെടുക്കുമ്പോൾ ചുരുക്കം ചില ബൗളർമാരുമായി അത്ര നല്ല ബന്ധമല്ല ഇന്ത്യൻ നായകനുള്ളത്. എല്ലാ ബൗളർമാരും വളരെയധികം ആഗ്രഹിക്കുന്ന ഇന്ത്യൻ നായകനെ പല താരത്തിറ്റെ വിക്കറ്റ് പല തവണയാണ് ഈ ബൗളർമാർ നേടിയിട്ടുള്ളത്. രണ്ടാം ഏകദിനത്തിൽ കോലിയെ പുറത്താക്കിയതോടെ ന്യൂസിലൻഡിന്റെ ടിം സൗത്തിയാണ് താരത്തെ ഏറ്റവുമധികം തവണ പുറത്താക്കിയതിന്റെ റെക്കോഡ് സ്വന്തമാക്കിയത്.ഓസ്ട്രേലിയൻ പരമ്പരയിൽ കോലിയെ വരിഞ്ഞുകെട്ടിയ ആദം സാംപയും കോലി ആരാധകർക്ക് ഇപ്പോളും പേടിസ്വപ്നമാണ്.
 
2008ലെ അണ്ടർ–19 ലോകകപ്പ് മുതൽ ആരംഭിച്ചതാണ് കോലിയും ടിം സൗത്തിയും തമ്മിലുള്ള ബന്ധം. ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീമിൽ ആയിരുന്ന സമയത്ത് ക്യാപ്റ്റൻ കോലിയുടെ വിശ്വസ്തനായ ഡെത്ത് ഓവർ സ്പെഷലിസ്റ്റ് ആയിരുന്നതും സൗത്തിയാണ്. നിലവിൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലുമായി 9 തവണയാണ് സൗത്തി ഇന്ത്യൻ നായകനെ പുറത്താക്കിയിട്ടുള്ളത്. മറ്റൊരു ബൗളർക്കും ഈ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടില്ല.നിരന്തരം ഔട്ട് സ്വിങ്ങറുകളെറിഞ്ഞ് അപ്രതീക്ഷിതമായെറിയുന്ന ഇൻസ്വിങ്ങറുകളിലൂടെയാണ് സൗത്തി വിക്കറ്റുകൾ നേടുന്നത്.
 
ഓഫ്സൈഡ് പന്തുകൾ കളിക്കുന്നത് കോലിയുടെ പ്രിയപ്പെട്ട കാര്യമാണ് ഈ ദൗർബല്യം മുതലാക്കിയാണ് ബൗളർമാർ കോലിയുടെ വിക്കറ്റുകൾ സ്വന്തമാക്കുന്നതും. 2014ലെ ഇംഗ്ലണ്ട് ടെസ്റ്റ് പര്യടനത്തിൽ ജയിംസ് ആൻഡേഴ്സൻ 4 തവണ കോലിയെ വീഴ്ത്തിയത് കോലിയുടെ ഈ ദൗർബല്യം മുതലെടുത്തുകൊണ്ടായിരുന്നു.ആൻഡേഴ്സൺ 8 തവണ കോലിയെ പുറത്താക്കിയിട്ടുണ്ട്. എന്നാൽ ഈ പതിവ് പിന്നീട് നിരന്തര പരിശ്രമം വഴി കോലി മറികടന്നു. സ്പിന്നർമാർക്കെതിരെ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന താരമാണ് വിരാട് കോലിയെങ്കിലും വിരാട് കോലിയെ ഏറ്റവും കൂടുതൽ തവണ പുറത്താക്കിയവരുടെ ലിസ്റ്റ് എടുത്താൽ ഗ്രെയിം സ്വാൻ, നേഥൻ ലയൺ, ആദം സാപ എന്നിങ്ങനെ സ്പിന്നർമാരുടെ നിരയുമുണ്ട്. ഇതിൽ ഗ്രെയിം സ്വാൻ കോലിയെ എട്ടു തവണ പുറത്താക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇത്തവണ ഐപിഎൽ മത്സരങ്ങൾ വൈകിയേക്കും, കാരണമിതാണ്