Trent Boult: തലകുനിച്ച് മടക്കം; ട്രെന്റ് ബോള്‍ട്ട് വിരമിച്ചു
ന്യൂസിലന്‍ഡിനു വേണ്ടി ഇനിയൊരു ടൂര്‍ണമെന്റ് കളിക്കാന്‍ താനുണ്ടാകില്ലെന്ന് ബോള്‍ട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു
Trent Boult: ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട് വിരമിച്ചു. ട്വന്റി 20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പപ്പു ന്യു ഗിനിയയ്‌ക്കെതിരെ ആശ്വാസ ജയം സ്വന്തമാക്കിയാണ് സ്റ്റാര്‍ പേസറുടെ മടക്കം. സൂപ്പര്‍ എട്ടില്‍ എത്താതെ ന്യൂസിലന്‍ഡ് നേരത്തെ പുറത്തായിരുന്നു. അവസാന ടൂര്‍ണമെന്റില്‍ ടീമിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം ട്രെന്റ് ബോള്‍ട്ടിനേയും മാനസികമായി ഏറെ വിഷമിപ്പിച്ചിട്ടുണ്ട്. തന്റെ അവസാന മത്സരത്തില്‍ നാല് ഓവറില്‍ നിന്ന് 14 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്ത്താന്‍ ബോള്‍ട്ടിനു സാധിച്ചു.
ന്യൂസിലന്‍ഡിനു വേണ്ടി ഇനിയൊരു ടൂര്‍ണമെന്റ് കളിക്കാന്‍ താനുണ്ടാകില്ലെന്ന് ബോള്‍ട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 13 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനാണ് ബോള്‍ട്ട് ഫുള്‍സ്റ്റോപ്പിട്ടത്. അതേസമയം ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റ് ലീഗുകളിലും ബോള്‍ട്ട് തുടരാനാണ് സാധ്യത.
ന്യൂസിലന്‍ഡിനു വേണ്ടി 78 ടെസ്റ്റുകളില്‍ നിന്ന് 317 വിക്കറ്റുകളാണ് ബോള്‍ട്ട് വീഴ്ത്തിയിരിക്കുന്നത്. 114 ഏകദിനങ്ങളില്‍ നിന്ന് 211 വിക്കറ്റുകളും 61 ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 83 വിക്കറ്റുകളും ബോള്‍ട്ട് സ്വന്തമാക്കിയിട്ടുണ്ട്. 2011 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ബോള്‍ട്ട് ന്യൂസിലന്‍ഡിനു വേണ്ടി അരങ്ങേറ്റം കുറിച്ചത്.