അണ്ടര്‍ 19 ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ 44 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങി ഇന്ത്യന്‍ യുവനിര. പാകിസ്ഥാന്‍ ഉയര്‍ത്തിയ 282 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 47.1 ഓവറില്‍ 237 റണ്‍സിന് ഓളൗട്ടായി. ഐപിഎല്‍ താരലേലത്തില്‍ ശ്രദ്ധാകേന്ദ്രമായ വൈഭവ് സൂര്യവംശി ഒരു റണ്‍സിന് പുറത്തായപ്പോള്‍ 67 റണ്‍സുമായി നിഖില്‍ കുമാറാണ് ഇന്ത്യയുടെ ടോപ് സ്‌കോററായത്. മലയാളി താരമായ മുഹമ്മദ് ഇനാന്‍ പത്താമനായി ക്രീസിലെത്തി 22 പന്തില്‍ 30 റണ്‍സുമായി തിളങ്ങി. പാകിസ്ഥാന് വേണ്ടി അലി റാസ 3 വിക്കറ്റുകളെടുത്തു.
പാകിസ്ഥാന്‍ ഉയര്‍ത്തിയ 282 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ ആയുഷ് മാത്രെ(20)യും വൈഭവ് സൂര്യവംശി(1)യെയും നഷ്ടപ്പെട്ടു. നായകന്‍ മുഹമ്മദ് അമാന്‍(16) പ്രതീക്ഷ നല്‍കിയെങ്കിലും ടീം സ്‌കോര്‍ 100 കടക്കും മുന്‍പെ മടങ്ങി. 77 പന്തില്‍ 67 റണ്‍സുമായി നിഖില്‍ കുമാര്‍ വാലറ്റക്കാരെ കൂട്ടുപിടിച്ച് പോരാടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഓപ്പണര്‍ ഷഹ്‌സൈബ് ഖാന്റെ സെഞ്ചുറിയുടെ കരുത്തിലാണ് 50 ഓവറില്‍ 281 റണ്‍സടിച്ചത്. 147 പന്തില്‍ 159 റണ്‍സടിച്ച ഷഹ്‌സൈബ് ഖാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.