Vaibhav Suryavanshi: ആരെയും കൂസാത്ത മനോഭാവം, ടച്ചായാല്‍ സീനാണ്; വൈഭവ് ഇന്ത്യയുടെ ഭാവി
42 പന്തുകള്‍ നേരിട്ട സൂര്യവന്‍ശി 15 ഫോറുകളും 11 സിക്‌സുകളും സഹിതം 144 റണ്‍സ് അടിച്ചുകൂട്ടി
Vaibhav Suryavanshi: ഏഷ്യ കപ്പ് റൈസിങ് സ്റ്റാര്‍സ് ടൂര്‍ണമെന്റില്‍ ആദ്യ കളിയില്‍ തന്നെ ഇന്ത്യയുടെ വിജയശില്‍പ്പി ആയിരിക്കുകയാണ് ഓപ്പണര്‍ വൈഭവ് സൂര്യവന്‍ശി. യുഎഇയ്‌ക്കെതിരായ ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ഇന്ത്യ 148 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയപ്പോള്‍ വൈഭവിന്റെ വ്യക്തിഗത സ്‌കോര്‍ അതിനേക്കാള്‍ നാല് റണ്‍സ് മാത്രം കുറവ് !
42 പന്തുകള്‍ നേരിട്ട സൂര്യവന്‍ശി 15 ഫോറുകളും 11 സിക്‌സുകളും സഹിതം 144 റണ്‍സ് അടിച്ചുകൂട്ടി. ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ യുഎഇയ്ക്കു ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
32 പന്തില്‍ നിന്നാണ് വൈഭവ് സെഞ്ചുറി തികച്ചത്. പുരുഷ ടി20യില്‍ ഒരു ഇന്ത്യന്‍ താരം സ്വന്തമാക്കുന്ന അതിവേഗ സെഞ്ചുറികളുടെ പട്ടികയില്‍ രണ്ടാമത്. 2024 സയദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗുജറാത്തിനു വേണ്ടി ഉര്‍വില്‍ പട്ടേലും പഞ്ചാബിനു വേണ്ടി അഭിഷേക് ശര്‍മയും 28 പന്തില്‍ സെഞ്ചുറി നേടിയതാണ് ഒന്നാം സ്ഥാനത്ത്. 2018 ല്‍ റിഷഭ് പന്ത് ഡല്‍ഹിക്കായി 32 പന്തില്‍ സെഞ്ചുറി നേടിയിട്ടുണ്ട്.
14 വര്‍ഷവും 232 ദിവസവും മാത്രമാണ് വൈഭവിന്റെ പ്രായം. രാജ്യത്തെ പ്രതിനിധീകരിച്ച് ഇത്ര ചെറിയ പ്രായത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും വൈഭവിനാണ്. 16 വര്‍ഷവും 171 ദിവസവും പ്രായമുള്ളപ്പോള്‍ സിംബാബ്വെ എ ടീമിനെതിരെ ബംഗ്ലാദേശ് എ ടീം താരമായിരിക്കെ മുഷ്ഫിഖര്‍ റഹിം നേടിയ സെഞ്ചുറി റെക്കോര്‍ഡ് വൈഭവ് മറികടന്നു. എന്തായാലും ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കു തലവേദനയാകുകയാണ് വൈഭവ്. ഇത്രയും പ്രതിഭ പുറത്തെടുത്ത താരത്തെ ഇനി എങ്ങനെയാണ് ദേശീയ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തുക ?