പിടിച്ചുനിൽക്കുമോ?, ഇന്ത്യയ്ക്ക് ഇനി പ്രതീക്ഷ സമനിലയിൽ മാത്രം, അവസാന ദിനം ജയിക്കാൻ വേണ്ടത് 522 റൺസ്!
ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു. മത്സരത്തിന്റെ നാലാം ദിനം ഇന്ത്യയ്ക്ക് മുന്നില്‍ 549 റണ്‍സിന്റെ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയത്. നാലാം ദിനം 15.5 ഓവര്‍ ബാറ്റ് ചെയ്ത ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സെന്ന നിലയിലാണ്. ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
നേരത്തെ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സിന്റെ 94 റണ്‍സ് പ്രകടനത്തിന്റെ മികവിലാണ് 260 റണ്‍സിലെത്തിയത്. സെഞ്ചുറിക്കരികെ സ്റ്റമ്പ്‌സ് പുറത്തായതും ദക്ഷിണാഫ്രിക്ക ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ ഇന്നിങ്ങ്‌സില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ പിഴുതെറിഞ്ഞ മാര്‍ക്കോ യാന്‍സനാണ് രണ്ടാം ഇന്നിങ്ങ്‌സില്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. 13 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളെ യാന്‍സന്‍ മടക്കിയപ്പോള്‍ കെ എല്‍ രാഹുലിനെ 6 റണ്‍സില്‍ നില്‍ക്കെ സൈമണ്‍ ഹാര്‍മറാണ് പുറത്താക്കിയത്. ആദ്യ ഇന്നിങ്ങ്‌സില്‍ വാലറ്റത്ത് പ്രതിരോധം തീര്‍ത്ത സ്പിന്നര്‍ കുല്‍ദീപ് യാദവാണ് നാലാമനായി ക്രീസിലെത്തിയത്. നാലാം ദിനം അവസാനിക്കുമ്പോള്‍ 25 പന്തില്‍ 2 റണ്‍സുമായി സായ് സുദര്‍ശനും 22 പന്തില്‍ 4 റണ്‍സുമായി കുല്‍ദീപ് യാദവുമാണ് ക്രീസില്‍.