ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിലെ 6 വിക്കറ്റ് നേട്ടത്തോടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇതിഹാസ താരം വസീം അക്രമിന്റെ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പേസറായ മിച്ചല്‍ സ്റ്റാര്‍ക്ക്. മത്സരത്തിന്റെ രണ്ടാം സെഷനില്‍ ഹാരി ബ്രൂക്കിനെ പുറത്താക്കിയാണ് സ്റ്റാര്‍ക്ക് ചരിത്രനെട്ടത്തിലെത്തിയത്. 102 ടെസ്റ്റുകളില്‍ നിന്ന് 418 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 19 ഓവറില്‍ 71 റണ്‍സ് വിട്ടുകൊടുത്ത് 6 വിക്കറ്റുകളാണ് ഗാബ ടെസ്റ്റില്‍ സ്റ്റാര്‍ക്ക് നേടിയത്. സ്റ്റാര്‍ക്കിന്റെ ആക്രമണത്തില്‍ ഇംഗ്ലണ്ട് പതറിയെങ്കിലും ജോ റൂട്ടിന്റെ സെഞ്ചുറി കരുത്തില്‍ ആദ്യദിനത്തില്‍ 325/9 എന്ന ഭേദപ്പെട്ടനിലയിലാണ്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ 104 മത്സരങ്ങളില്‍ നിന്ന് 414 വിക്കറ്റുകള്‍ നേടിയിരുന്ന പാക് ഇതിഹാസതാരത്തെ മിച്ചല്‍ സ്റ്റാര്‍ക്ക് മറികടന്നിരുന്നു. ഇതോടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഇടം കയ്യന്‍ പേസറെന്ന നേട്ടമാണ് സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ താരത്തെ അഭിനന്ദിച്ച് അക്രം രംഗത്തെത്തി. സ്റ്റാര്‍ക്കിനെ പറ്റി അഭിമാനം മാത്രം. നിങ്ങളുടെ കഠിനാദ്ധ്വാനമാണ് നിങ്ങളെ മികച്ചവനാക്കി മാറ്റുന്നത്. ഈ റെക്കോര്‍ഡ് നിങ്ങള്‍ക്ക് കൈമാറുന്നതില്‍ സന്തോഷം മാത്രം. വസീം അക്രം എക്‌സില്‍ കുറിച്ചു.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ സ്വന്തമാക്കിയ ഇടം കയ്യന്‍ പേസര്‍മാരുടെ പട്ടിക ഇങ്ങനെ
418 - മിച്ചല്‍ സ്റ്റാര്‍ക്ക്
414 - വസീം അക്രം
355 - ചമിന്ദ വാസ്
317 - ട്രെന്റ് ബോള്‍ട്ട്
311 - സഹിര്‍ ഖാന്‍