പണ്ടൊക്കെ ഇന്ത്യയെന്ന് കേട്ടാൻ ഭയക്കുമായിരുന്നു, ഇന്ന് പക്ഷേ... കടുത്ത വിമർശനവുമായി ദിനേശ് കാർത്തിക്
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് ദിനേശ് കാര്‍ത്തിക് തന്റെ ആശങ്കകളും അഭിപ്രായവും പങ്കുവെച്ചത്.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാണം കെട്ട തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ദിനേശ് കാര്‍ത്തിക്. സ്വന്തം നാട്ടില്‍ ഇന്ത്യയ്ക്കുണ്ടായിരുന്ന ടീമിന്റെ ദീര്‍ഘകാല ആധിപത്യമാണ് തകര്‍ന്നതെന്നും പണ്ട് ഇന്ത്യയില്‍ കളിക്കുക എന്നത് ടീമുകള്‍ ഭയപ്പെടുന്ന കാര്യമാണെങ്കില്‍ ഇന്നത് മാറിയിരിക്കുന്നുവെന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ 408 റണ്‍സിന്റെ ഭീമമായ പരാജയമായിരുന്നു ഇന്ത്യ നേരിട്ടത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് ദിനേശ് കാര്‍ത്തിക് തന്റെ ആശങ്കകളും അഭിപ്രായവും പങ്കുവെച്ചത്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഇന്ത്യയിലേക്ക് വരികയെന്നത് മറ്റ് ടീമുകള്‍ക്ക് ഭയമുണ്ടാക്കുന്ന കാര്യമായിരുന്നു. എന്നാല്‍ കഴിഞ്ഞ 12 മാസത്തിനിടെ ഇത് രണ്ടാമത്തെ വൈറ്റ് വാഷാണ്. ഇന്ത്യയില്‍ അവസാനമായി നടന്ന 3 പരമ്പരകളില്‍ രണ്ടെണ്ണത്തിലും ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെട്ടു. അതിനാല്‍ തന്നെ ഇനി കടുത്ത തീരുമാനങ്ങള്‍ ഉണ്ടായേക്കാം.
ഇന്ത്യ വളരെയധികം ഓള്‍റൗണ്ടര്‍മാരെയാണ് ആശ്രയിക്കുന്നത്. പേസ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ആഭ്യന്തര സീസണില്‍ ആകെ എറിഞ്ഞത് 14 ഓവറുകളാണ്. ദക്ഷിണാഫ്രിക്കക്കെതിരായ പോരാട്ടം ഇന്ത്യന്‍ ക്രിക്കറ്റിന്റെ മോശം അവസ്ഥയെയാണ് കാണിക്കുന്നത്. ഹോം പിച്ചുകളില്‍ ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തി. പേസിനും സ്പിന്നിനും മുന്നില്‍ ഇന്ത്യന്‍ ബാറ്റിംഗ് പക്ഷേ ദുര്‍ബലമായി തോന്നി. കൂടാതെ പല സെലക്ഷന്‍ തീരുമാനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണം. കാര്‍ത്തിക് പറഞ്ഞു.
അതേസമയം ആരാണ് ഇന്ത്യയുടെ മൂന്നാം നമ്പര്‍ സ്ഥാനത്തില്‍ കളിക്കേണ്ടത് എന്നതില്‍ കൃത്യമായ ധാരണ വേണമെന്നും ദിനേശ് കാര്‍ത്തിക് പറയുന്നു. വാഷിങ്ങ്ടണ്‍ സുന്ദര്‍ കൊല്‍ക്കത്തയില്‍ മൂന്നാം സ്ഥാനത്തും സായ് സുദര്‍ശന്‍ ഗുവാഹട്ടിയില്‍ മൂന്നാം സ്ഥാനത്തും കളിക്കുന്നു. ബാറ്റിംഗ് ഓര്‍ഡറില്‍ ആര്‍ക്കും സ്ഥിരതയില്ല. 8 മാസങ്ങള്‍ക്ക് ശേഷം മാത്രമാണ് അടുത്ത ടെസ്റ്റ് മത്സരം. അപ്പോഴേക്കും ഇതെല്ലാം നമ്മള്‍ മറക്കാന്‍ പോവുകയാണോ?, അതാണ് വലിയ ചോദ്യം. ഈ ടെസ്റ്റ് ടീം തിരിച്ചുവന്ന് പഴയത് പോലെയാകാന്‍ എന്താണ് വേണ്ടത്. ദിനേശ് കാര്‍ത്തിക് ചോദിക്കുന്നു.