ഞങ്ങൾ റോബോട്ടുകളല്ല, വിമർശനങ്ങളിൽ വൈകാരിക പ്രതികരണവുമായി ഹാരിസ് റൗഫ്
ഏഷ്യാകപ്പ് ഫൈനലില്‍ 3.4 ഓവറില്‍ താരം 50 റണ്‍സ് വിട്ടുകൊടുത്ത് നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു നടത്തിയത്.
ഏഷ്യാകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് നേരെ വൈകാരിക പ്രതികരണവുമായി പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫ്. ടൂര്‍ണമെന്റിനിടെ ഹാരിസ് റൗഫ് ഇന്ത്യക്കെതിരെ നടത്തിയ ആവേശപ്രകടനങ്ങള്‍ വിവാദമാവുകയും താരത്തിനെ 2 മത്സരങ്ങളില്‍ നിന്ന് ഐസിസി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഏഷ്യാകപ്പ് ഫൈനലില്‍ 3.4 ഓവറില്‍ താരം 50 റണ്‍സ് വിട്ടുകൊടുത്ത് നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു നടത്തിയത്. ഈ പശ്ചാത്തലത്തില്‍ ശ്രീലങ്കക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ നടത്തിയ മികച്ച പ്രകടനത്തിന് പിന്നാലെയാണ് വിമര്‍ശനങ്ങളോട് താരം പ്രതികരിച്ചത്.
മത്സരത്തില്‍ 4 വിക്കറ്റുകളുമായി ഹാരിസ് റൗഫ് തിളങ്ങിയിരുന്നു. ക്രിക്കറ്റ് കളിക്കാര്‍ റോബോട്ടുകളെ പോലെ ആകണമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഞങ്ങളും മനുഷ്യരാണ്. ചില മോശം ദിവസങ്ങള്‍ സംഭവിക്കാം. ശ്രീലങ്കക്കെതിരായ മത്സരശേഷം റൗഫ് പറഞ്ഞു. ഏറ്റവും പ്രധാനം വിട്ടുകൊടുക്കില്ല എന്ന മനോഭാവമാണ്. ഒരു മോശം ദിവസം സംഭവിച്ചത് കൊണ്ട് എല്ലാം അവസാനിക്കില്ല. തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കും. ഏതൊരു ബൗളര്‍ക്കും മോസം ദിവസങ്ങളുണ്ടാകാം. നമ്മള്‍ 10 നല്ല മത്സരങ്ങളും ഒരു മോശം മത്സരവും കളിച്ചാല്‍ എല്ലാവരും ഓര്‍ക്കുക മോശം പ്രകടനത്തെയാകും.പാകിസ്ഥാന്‍ വിളിച്ചാല്‍ ടെസ്റ്റ് ഫോര്‍മാറ്റിലും കളിക്കാന്‍ തയ്യാറാണ്. ഹാരിസ് റൗഫ് പറഞ്ഞു.