വില കുറച്ച് കാണരുത്, ലോകത്തെ ഏറ്റവും മികച്ച സ്പിന്നർ ഞങ്ങൾക്കൊപ്പം, ഇന്ത്യ- പാക് മത്സരത്തിന് മുൻപെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക് കോച്ച്
ഒമാനെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഹെസന്‍ ഇക്കാര്യം പറഞ്ഞത്.
ഏഷ്യാകപ്പില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ- പാക് സൂപ്പര്‍ പോരാട്ടത്തിന് മുന്‍പായി ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാകിസ്ഥാന്‍ പരിശീലകനായ മൈക് ഹെസണ്‍. ലോകചാമ്പ്യന്മാരും നിലവിലെ ഏഷ്യാകപ്പ് ജേതാക്കളുമായ ഇന്ത്യയെ നേരിടുകയെന്ന വെല്ലുവിളി പാകിസ്ഥാന്‍ ഏറ്റെടുത്ത് കഴിഞ്ഞതായാണ് പാകിസ്ഥാന്‍ പരിശീലകനായ മൈക് ഹെസന്‍ വ്യക്തമാക്കിയത്. ഒമാനെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഹെസന്‍ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയിപ്പോള്‍ ആത്മവിശ്വാസത്തിന്റെ ഉച്ചത്തിലാണെന്ന് ഞങ്ങള്‍ക്കറിയാം. സമീപകാലത്തായുള്ള അവരുടെ പ്രകടനങ്ങള്‍ മികച്ചതാണ്. എന്നാല്‍ പാകിസ്ഥാനും മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ടീമാണ്. ഇന്ത്യയുടെ വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യം പാകിസ്ഥാന്‍ ടീമിലുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നറായ മുഹമ്മദ് നവാസ് അടക്കം അഞ്ച് സ്പിന്നര്‍മാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഇവര്‍ക്കൊപ്പം ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയും ചേരുമ്പോള്‍ ഏത് ടീമിനും വെല്ലുവിളി ഉയര്‍ത്താന്‍ പാകിസ്ഥാനാകും മൈക് ഹെസന്‍ പറഞ്ഞു.
ഏഷ്യാകപ്പില്‍ ഇന്ന് ഒമാനെ നേരിടുന്ന പാകിസ്ഥാന്‍ ഞായറാഴ്ചയാണ് ഇന്ത്യയെ നേരിടുക. ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ 9 വിക്കറ്റിന് വിജയിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.