West Indies vs Pakistan : വെസ്റ്റ് ഇന്‍ഡീസില്‍ നാണം കെട്ട് പാക്കിസ്ഥാന്‍; 92 നു ഓള്‍ഔട്ട്, പരമ്പരയും നഷ്ടം !
49 പന്തില്‍ 30 റണ്‍സെടുത്ത സല്‍മാന്‍ അഗയും 28 പന്തില്‍ 23 റണ്‍സെടുത്ത മുഹമ്മദ് നവാസും മാത്രമാണ് പാക്കിസ്ഥാന്‍ നിരയില്‍ പിടിച്ചുനിന്നത്
West Indies vs Pakistan: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ നാണംകെട്ട തോല്‍വി വഴങ്ങി പാക്കിസ്ഥാന്‍. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 29.2 ഓവറില്‍ 92 നു ഓള്‍ഔട്ട് ആയി. പാക്കിസ്ഥാന്റെ തോല്‍വി 202 റണ്‍സിന് !
49 പന്തില്‍ 30 റണ്‍സെടുത്ത സല്‍മാന്‍ അഗയും 28 പന്തില്‍ 23 റണ്‍സെടുത്ത മുഹമ്മദ് നവാസും മാത്രമാണ് പാക്കിസ്ഥാന്‍ നിരയില്‍ പിടിച്ചുനിന്നത്. എട്ട് പാക്കിസ്ഥാന്‍ താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. സായിം അയൂബ് (പൂജ്യം), അബ്ദുള്ള ഷഫീഖ് (പൂജ്യം), ബാബര്‍ അസം (ഒന്‍പത്), മുഹമ്മദ് റിസ്വാന്‍ (പൂജ്യം), ഹുസൈന്‍ തലത്ത് (ഒന്ന്) എന്നിവരെല്ലാം അമ്പേ നിരാശപ്പെടുത്തി.
7.2 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ വിന്‍ഡീസ് പേസര്‍ ജയ്ഡന്‍ സീല്‍സ് ആണ് പാക്കിസ്ഥാനെ തകര്‍ത്തത്. നായകന്‍ ഷായ് ഹോപ്പിന്റെ സെഞ്ചുറി കരുത്തിലാണ് വിന്‍ഡീസ് മികച്ച സ്‌കോറിലെത്തിയത്. 94 പന്തില്‍ 10 ഫോറും അഞ്ച് സിക്‌സും സഹിതം 120 റണ്‍സുമായി പുറത്താകാതെ നിന്ന ഹോപ്പ് ആണ് കളിയിലെ താരം. ജസ്റ്റിന്‍ ഗ്രീവ്‌സ് (24 പന്തില്‍ പുറത്താകാതെ 43), ഇവിന്‍ ലെവിസ് (54 പന്തില്‍ 37), റോസ്റ്റണ്‍ ചേസ് (29 പന്തില്‍ 36) എന്നിവരും വിന്‍ഡീസിനായി മികച്ച പോരാട്ടം നടത്തി.
മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2-1 നു വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കി. ആദ്യ ഏകദിനത്തില്‍ പാക്കിസ്ഥാന്‍ അഞ്ച് വിക്കറ്റിനു ജയിച്ചപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് വിക്കറ്റിനു ജയിച്ചത് വിന്‍ഡീസാണ്. മൂന്ന് കളികളില്‍ നിന്ന് പത്ത് വിക്കറ്റ് വീഴ്ത്തിയ ജയ്ഡന്‍ സീല്‍സ് ആണ് ഏകദിന പരമ്പരയിലെ താരം. ആദ്യം നടന്ന ട്വന്റി 20 പരമ്പര 2-1 നു പാക്കിസ്ഥാന്‍ സ്വന്തമാക്കിയിരുന്നു.