ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്‍പായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. സമീപകാലത്തായി ടെസ്റ്റ് ക്രിക്കറ്റിലെ മോശം പ്രകടനം ഏകദിന പരമ്പരയില്‍ ബാധിക്കുമോ എന്ന രീതിയിലായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. എന്ത് ചോദ്യമാണിതെന്നായിരുന്നു ഇതിനോടുള്ള രോഹിത്തിന്റെ ആദ്യ പ്രതികരണം.
സമീപകാലത്തായി ടെസ്റ്റ് ക്രിക്കറ്റില്‍ മോശം ഫോമിലാണ്. നിങ്ങളെ ഹിറ്റ്മാനാക്കിയ ഏകദിന ഫോര്‍മാറ്റില്‍ കളിക്കാനിറങ്ങുമ്പോള്‍ ആത്മവിശ്വാസമുണ്ടോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇത് മറ്റൊരു ഫോര്‍മാറ്റാണ്. വേറെ കളിയാണ്. ക്രിക്കറ്റ് താരങ്ങളെന്ന നിലയില്‍ ഞങ്ങള്‍ പലപ്പോഴും ഉയര്‍ച്ച താഴ്ചകളിലൂടെ കടന്ന് പോയിട്ടുണ്ട്. ഞാനും അത്തരം കാര്യങ്ങള്‍ നേരിട്ടുള്ള ആളാണ്. ഓരോ പരമ്പരയും ദിവസവും പുതിയ തുടക്കങ്ങളാണ്. അതിനാല്‍ തന്നെ മുന്‍പ് എന്ത് സംഭവിച്ചു എന്ന് അധികം ആലോചിക്കേണ്ടതില്ല. മുന്നിലുള്ള വെല്ലിവിളികള്‍ എങ്ങനെ ഏറ്റെടുക്കുന്നു എന്നതാണ് പ്രധാനമെന്നും പരമ്പരയില്‍ മികച്ച തുടക്കമാണ് പ്രതീക്ഷിക്കുന്നതെന്നും രോഹിത് പറഞ്ഞു.