ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ 3-1ന് കൈവിട്ടതിനേക്കാള്‍ ഇന്ത്യയ്‌ക്കേറ്റ ഏറ്റവും വലിയ തിരിച്ചടി സ്വന്തം മണ്ണില്‍ ന്യൂസിലന്‍ഡിനെതിരെ പരമ്പര വൈറ്റ് വാഷ് ചെയ്യപ്പെട്ടതാണ് ഇതിഹാസതാരമായ യുവരാജ് സിംഗ്. സീനിയര്‍ താരങ്ങളായ രോഹിത്തിനെയും കോലിയേയും മോശം പ്രകടനത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും യുവരാജ് വ്യക്തമാക്കി.
ഓസീസ് മണ്ണില്‍ 2 തവണ നമ്മള്‍ ബിജിടി സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണ തോറ്റു. അതത്ര വലിയ സംഭവമല്ല.കാരണം ഓസ്‌ട്രേലിയ ശക്തമായ ടീമാണ്. ന്യൂസിലന്‍ഡുമായി നാട്ടില്‍ 3-0ത്തിന് പരാജയമായതാണ് ശരിക്കും സങ്കടകരം. ഒരൊറ്റ പരമ്പരകൊണ്ട് ആളുകള്‍ കോലിയേയും രോഹിത്തിനെയും തള്ളിപറയുന്നത് ശരിയല്ല. അവര്‍ മുന്‍ കാലങ്ങളില്‍ ചെയ്ത സംഭാവനകള്‍ മറന്നുകൊണ്ടാണ് നമ്മള്‍ സംസാരിക്കുന്നത്. വര്‍ത്തമാന ക്രിക്കറ്റില്‍ ഏറ്റവും മികച്ച ക്രിക്കറ്റ് കളിച്ച രണ്ട് താരങ്ങളാണവര്‍. നിലവിലെ ഫോമൗട്ടില്‍ നമ്മളേക്കാള്‍ മനപ്രയാസം അനുഭവിക്കുന്നത് അവരാകും. ഈ അവസ്ഥയില്‍ നിന്നും ടീം ഉടനെ കരകയറും.
മോശം ഫോമാണെന്ന് തിരിച്ചറിഞ്ഞ് ടീമില്‍ നിന്നും സ്വയം മാറിനില്‍ക്കാന്‍ രോഹിത്തെടുത്ത തീരുമാനം മഹത്തരമാണ്. ടീമാണ് തന്നേക്കാള്‍ പ്രധാനമെന്ന അദ്ദേഹത്തിന്റെ മനോഭാവമാണ് വലിയ കാര്യം.ജയിച്ചാലും തോറ്റാലും രോഹിത് മികച്ച നായകനാണ്. അദ്ദേഹത്തിന്റെ നായകത്വത്തിന് കീഴില്‍ നമ്മള്‍ ഏകദിന ലോകകപ്പ് ഫൈനല്‍ കളിച്ചു. ടി20 ലോകകപ്പും നേടി. പ്രകടനം മോശമാകുന്നത് സാധാരണ കാര്യമാണ്. വിമര്‍ശനമാകാം. എന്നാല്‍ ടീമിനെ അടച്ചാക്ഷേപിക്കുന്ന പ്രതികരണങ്ങളോട് യോജിപ്പില്ല. ഫോം ഔട്ടാകുമ്പോള്‍ എളുപ്പത്തില്‍ തള്ളികളയാന്‍ സാധിക്കും. താരങ്ങളെ മോശം പറയുക എന്നതാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. എന്റെ ജോലി താരങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ്. അവരെല്ലാം എന്റെ കുടുംബാംഗങ്ങളാണ്. യുവരാജ് സിംഗ് വ്യക്തമാക്കി.