Perth Test: Ravichandran Ashwin and Ravindra Jadeja: പെര്‍ത്ത് ടെസ്റ്റില്‍ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരെ ഇന്ത്യ പ്ലേയിങ് ഇലവനില്‍ ഇറക്കാത്തതിന്റെ കാരണം തിരയുകയാണ് ക്രിക്കറ്റ് ആരാധകര്‍. മുതിര്‍ന്ന താരങ്ങളായ അശ്വിനും ജഡേജയ്ക്കും പകരം ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ആണ് പെര്‍ത്ത് ടെസ്റ്റിന്റെ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചത്. പെര്‍ത്ത് പിച്ചിന്റെ സ്വഭാവം പരിഗണിച്ചാണ് സുന്ദറിനെ കളിപ്പിക്കുന്നത്.
ബൗണ്‍സിനു അനുകൂലമായ പിച്ചാണ് പെര്‍ത്തിലേത്. പേസ് ബൗളര്‍മാര്‍ക്ക് ആയിരിക്കും പിച്ച് പൂര്‍ണമായി അനുകൂലമാകുക. അതിനാലാണ് ഇന്ത്യ ഒരു സ്പിന്നറെ മാത്രം പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. പേസ് ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡി അടക്കം നാല് പേസ് ബൗളര്‍മാര്‍ പെര്‍ത്തില്‍ ഇന്ത്യക്കായി കളിക്കുന്നുണ്ട്.
ബൗണ്‍സിനു അനുകൂലമായ പിച്ച് ആയതിനാല്‍ കൂടുതല്‍ ഉയരമുള്ള വാഷിങ്ടണ്‍ സുന്ദറിന് ബൗളിങ്ങില്‍ അശ്വിനേക്കാളും ജഡേജയേക്കാളും നന്നായി ശോഭിക്കാന്‍ കഴിയുമെന്നാണ് ടീമിന്റെ വിലയിരുത്തല്‍. മാത്രമല്ല സമീപകാലത്ത് ബാറ്റിങ്ങില്‍ സുന്ദര്‍ മികച്ച ഫോമിലുമാണ്. ഈ ഘടകങ്ങള്‍ പരിഗണിച്ചാണ് അശ്വിനേയും ജഡേജയേയും ഒഴിവാക്കി സുന്ദറിനെ ഇന്ത്യ കളിപ്പിക്കുന്നത്.