Yashasvi Jaiswal: രഹാനെയുമായി അത്ര നല്ല ബന്ധത്തിലല്ല; ജയ്‌സ്വാള്‍ മുംബൈ വിടാന്‍ കാരണം?
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം നടക്കുന്നതിനിടെ രഹാനെയും ജയ്‌സ്വാളും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായത് വാര്‍ത്തയായിരുന്നു
Yashasvi Jaiswal and Ajinkya Rahane
Yashasvi Jaiswal: ആഭ്യന്തര ക്രിക്കറ്റില്‍ യശസ്വി ജയ്‌സ്വാള്‍ മുംബൈ വിടുന്നത് അജിങ്ക്യ രഹാനെയുമായുള്ള സ്വര്‍ചേര്‍ച്ച കുറവിന്റെ പേരിലെന്ന് റിപ്പോര്‍ട്ട്. 2022 മുതല്‍ ഇരുവരും അത്ര നല്ല ബന്ധത്തിലല്ല. ഒപ്പം ഗോവയില്‍ നിന്ന് ക്യാപ്റ്റന്‍സി ഓഫര്‍ ലഭിച്ചതും ജയ്‌സ്വാള്‍ മുംബൈ വിടുന്നതിലേക്ക് നയിച്ചു.
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം നടക്കുന്നതിനിടെ രഹാനെയും ജയ്‌സ്വാളും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായത് വാര്‍ത്തയായിരുന്നു. രഹാനെ നയിച്ചിരുന്ന വെസ്റ്റ് സോണ്‍ ടീമിന്റെ ഭാഗമായിരുന്നു ജയ്‌സ്വാള്‍. മത്സരത്തിനിടെ രഹാനെ ജയ്‌സ്വാളിനെ ഗ്രൗണ്ടില്‍ നിന്ന് പുറത്താക്കി. സൗത്ത് സോണ്‍ താരം രവി തേജയോടു ജയ്‌സ്വാള്‍ തട്ടിക്കയറിയപ്പോള്‍ നായകനായ രഹാനെ ഇടപെടുകയായിരുന്നു. സഹതാരത്തോടു മോശമായി പെരുമാറിയതിനാണ് രഹാനെ ജയ്‌സ്വാളിനെ ഗ്രൗണ്ടില്‍ നിന്ന് പറഞ്ഞു വിട്ടത്. ഈ സംഭവത്തിനു ശേഷം ഇരുവരും അത്ര നല്ല ബന്ധത്തിലല്ല.
ഗോവ ക്രിക്കറ്റ് അസോസിയേഷനില്‍ ചേരുന്നതിനു വേണ്ടി ജയ്‌സ്വാള്‍ മുംബൈയില്‍ നിന്ന് നോണ്‍ ഓബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (NOC) വാങ്ങി. നിലവില്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗമായ ജയ്സ്വാള്‍ ഏറെ ആലോചനകള്‍ക്കു ശേഷമാണ് ആഭ്യന്തര ക്രിക്കറ്റില്‍ സംസ്ഥാനം മാറാന്‍ തീരുമാനിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലും കരിയര്‍ മെച്ചപ്പെടുത്താനും വേണ്ടിയാണ് ഈ തീരുമാനമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷനു താരം നല്‍കിയ കത്തില്‍ പറയുന്നു.
റെഡ് ബോള്‍ ക്രിക്കറ്റില്‍ അജിങ്ക്യ രഹാനെയും വൈറ്റ് ബോളില്‍ ശ്രേയസ് അയ്യരുമാണ് മുംബൈയെ നയിക്കുന്നത്. ഇക്കാരണത്താല്‍ ഉടനൊന്നും മുംബൈ നായകസ്ഥാനം ജയ്സ്വാളിനു ലഭിക്കില്ല. അതുകൊണ്ടാണ് താരം ഗോവ ക്രിക്കറ്റ് അസോസിയേഷന്റെ ഭാഗമാകാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.