ലോകകപ്പ് തോൽവിക്ക് ശേഷം ഇന്ത്യയുടെ മുൻ നായകൻ എം എസ് ധോണി ഇതുവരെ ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടില്ല. ഡിസംബർ വരെ താരം അവധിയിലാണ്. വിരമിക്കലിനെ കുറിച്ച് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും ധോണി ഇക്കാര്യത്തെ കുറിച്ച് ഒന്നും വ്യക്തമായി സൂചിപ്പിച്ചിട്ട് പോലുമില്ല.
ഇപ്പോഴിതാ, ധോണിയുടെ ഭാവിയെ കുറിച്ച് വ്യക്തമാക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൌരവ് ഗാംഗുലി. ധോണിയുടെ ഭാവിയെക്കുറിച്ച് ദേശീയ സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം എന്താണെന്ന് അറിയാൻ ആഗ്രഹിക്കുന്നുവെന്ന് ഗാംഗുലി പറയുന്നു.
38 കാരനായ ധോണി ഇന്ത്യയുടെ ലോകകപ്പ് പുറത്താകലിനു ശേഷം ഇതുവരെ കളിച്ചിട്ടില്ല. ടി20 ലോകകപ്പിൽ ധോണി പങ്കാളിയാകുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. ഇതിനെ കുറിച്ച് ധോണിയോ സെലക്ടർമാരോ യാതോരു വിശദീകരണവും നൽകിയിട്ടുമില്ല.
ധോണിയോട് സംസാരിക്കുമെന്നും അദ്ദേഹത്തിനു എന്താണ് വേണ്ടതെന്ന് ചോദിക്കുമെന്നും ഗാംഗുലി തുറന്നു പറഞ്ഞു കഴിഞ്ഞു. ‘ധോണിയെ കണ്ട് സംസാരിക്കും, അദ്ദേഹത്തിനു എന്താണ് ആവശ്യമെന്ന് ചോദിച്ചറിയും. എന്ത് ചെയ്യാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്ന് മനസിലാക്കും’ എന്നും ഗാംഗുലി പറഞ്ഞു.