Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം
ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ശ്രീലങ്കക്കെതിരെയും പാകിസ്ഥാനെതിരെയും വിജയിക്കാന്‍ ഇന്ത്യയ്ക്കായിരുന്നു.
വനിതാ ഏകദിന ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ സെമി സാധ്യതകള്‍ക്ക് തിരിച്ചടി. ദക്ഷിണാഫ്രിക്കക്കെതിരായ തോല്‍വിക്ക് പിന്നാലെ ഓസീസിനെതിരെ മത്സരിച്ച ഇന്ത്യന്‍ വനിതകള്‍ക്ക് 331 എന്ന മികച്ച ടോട്ടല്‍ സ്വന്തമാക്കാനായിട്ടും ഓസീസിനെതിരെ വിജയം നേടാന്‍ സാധിച്ചില്ല. സെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ അലീസ ഹീലിയുടെ പ്രകടനമാണ് ഓസീസിന് വിജയം സമ്മാനിച്ചത്.
ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ശ്രീലങ്കക്കെതിരെയും പാകിസ്ഥാനെതിരെയും വിജയിക്കാന്‍ ഇന്ത്യയ്ക്കായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്ക, ഓസീസ് എന്നിവര്‍ക്കെതിരെ തുടര്‍ച്ചയായ 2 മത്സരങ്ങളില്‍ പരാജയപ്പെട്ടു.ഇതോടെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.ടൂര്‍ണമെന്റിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടാണ് അടുത്ത മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍.
ടൂര്‍ണമെന്റിലെ സെമിസാധ്യതകള്‍ നിലനിര്‍ത്താന്‍ ഇനിയുള്ള 3 മത്സരങ്ങളിലും ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് ടീമുകളാണ് ഇന്ത്യയുടെ എതിരാളികള്‍. ഇതില്‍ കരുത്തരായ ഇംഗ്ലണ്ടിനെ മറികടക്കുക എന്നതായിരിക്കും ഇന്ത്യയുടെ മുകളിലുള്ള ഏറ്റവും വലിയ വെല്ലുവിളി.നിലവില്‍ ആദ്യ 2 സ്ഥാനത്തുള്ള ഓസീസിനും ഇംഗ്ലണ്ടിനും ഇനിയുള്ള മത്സരങ്ങളില്‍ രണ്ടെണ്ണം വിജയിച്ചാല്‍ സെമി ഉറപ്പിക്കാനാകും. ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവര്‍ക്കെതിരെ വിജയം നേടി ഇംഗ്ലണ്ട്, ഓസീസ് ടീമുകള്‍ സെമിഫൈനല്‍ ഉറപ്പിക്കാന്‍ സാധ്യതയേറെയാണ്. എന്നാല്‍ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയുടെ സ്ഥിതി പരുങ്ങലിലാകും.
ഇംഗ്ലണ്ടിനെതിരെ പരാജയപ്പെട്ടാല്‍ ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരുടെ പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമാകും. എന്നാല്‍ ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ ദുര്‍ബലരായ ടീമുകള്‍ക്കെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ ഇനിയുള്ള മത്സരങ്ങള്‍. സമാനമായി ശ്രീലങ്ക, പാകിസ്ഥാന്‍, ഇന്ത്യ എന്നിവരാണ് ന്യൂസിലന്‍ഡിന്റെ എതിരാളികള്‍. ഈ മത്സരങ്ങള്‍ ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകള്‍ പരാജയം നേരിട്ടില്ലെങ്കില്‍ ഇന്ത്യ സെമി കാണാതെ പുറത്താകും.