തോല്‍‌വിക്ക് പിന്നാലെ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരം; കോഹ്‌ലി വേണ്ട, രോഹിത് നായകനാകണമെന്ന് ബിസിസിഐയിലും ആവശ്യം

തിങ്കള്‍, 15 ജൂലൈ 2019 (13:27 IST)
സെമിയില്‍ ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ച ഇന്ത്യന്‍ ടീമില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ തലപൊക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും രണ്ടു ചേരിയിലാണെന്ന വാര്‍ത്തകള്‍ പുറത്തുവിട്ടത് 'ദൈനിക് ജാഗരണ്‍' എന്ന മാധ്യമമാണ്.

ഇതിനു പിന്നാലെ ബിസിസിഐയിലും കോഹ്‌ലിയുടെ ക്യാപ്‌റ്റന്‍സിക്കെതിരെ ശബ്‌ദമുയര്‍ന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപ നായകനായ രോഹിത് ശര്‍മ്മയെ ഏകദിന നായക പദവി ഏല്‍പിക്കണം എന്നാണ് ബിസിസിഐയിലെ ഒരു ഉന്നതന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

നായകനാകാന്‍ ഏറ്റവും യോഗ്യന്‍ രോഹിത്താണെന്നാണ് ഈ ബി സി സി ഐ അംഗത്തിന്റെ നിലപാട്. “കോഹ്‌ലിക്ക് ടീം മാനേജ്‌മെന്റിനും എല്ലാ തരത്തിലുള്ള പിന്തുണയും നല്‍കുന്നുണ്ട്. എന്നാല്‍, അടുത്ത ലോകകപ്പ് മുന്നില്‍ കണ്ട് ചില മാറ്റങ്ങളും തീരുമാനങ്ങളും ആവശ്യമാണ്. അത് എല്ലാവര്‍ക്കും അറിയാവുന്നതാണ്”.

“രോഹിത്തിനെ ഏകദിന നായകനാക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. ലോകകപ്പ് അവസാനിച്ചതോടെ മറ്റ് ടീമുകള്‍ അടുത്ത ടൂര്‍ണമെന്‍റിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴഞ്ഞു”- എന്നും പേര് വെളിപ്പെടുത്താത്ത  ബിസിസിഐയിലെ ഒരു ഉന്നതന്‍ പറഞ്ഞു.

കോഹ്‌ലിയെ ഏകദിന നായക സ്ഥാനത്ത് നിന്നും നീക്കുന്ന കാര്യത്തിലുള്ള ചര്‍ച്ച ബി സി സി ഐ യോഗത്തിലും ഉണ്ടാകുമെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അടുത്ത ഏകദിന ലോകകപ്പ് ഇന്ത്യയില്‍; ട്വന്റി-20 ലോകകപ്പ് ഓസ്ട്രേലിയയില്‍