Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവനെ ഭയക്കണം, കോഹ്ലിയുടേയും രോഹിതിന്റേയും മുഖ്യ ശത്രു!

അവനെ ഭയക്കണം, കോഹ്ലിയുടേയും രോഹിതിന്റേയും മുഖ്യ ശത്രു!
, ചൊവ്വ, 9 ജൂലൈ 2019 (11:13 IST)
ഇന്ത്യൻ ടീം ഇന്ന് സെമി കളിക്കാൻ ഇറങ്ങുകയാണ്. ന്യൂസിലാൻഡ് ആണ് എതിരാളികൾ. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഇന്ത്യ നേരിടുന്നത് നാലാം സ്ഥാനത്തുള്ള കിവീസിനെയാണ്. ഈ ലോകകപ്പ് മത്സരങ്ങളിൽ ഇന്ത്യ ഇതുവരെ മത്സരിക്കാത്തത് ന്യൂസിലൻഡുമായിട്ടാണ്. ഇരുവരും തമ്മിലുള്ള മത്സരം മഴ കൊണ്ടുപോയിരുന്നു. അന്ന് ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടെടുക്കുകയായിരുന്നു. 
 
അതേസമയം, ടൂർണമെന്റിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യ കിവികളോട് പരാജയം സമ്മതിച്ചു എന്നതും മറക്കാൻ കഴിയില്ല. കിവികളുടെ ബൗളിംഗ് നിരയാണ് ഇന്ത്യ ഗൗരവമായി കാണേണ്ടതും ഭയപ്പെടേണ്ടതും. ഇന്ത്യയുടെ ബൌളർമാരും മോശമല്ല. ട്രെന്‍ഡ് ബൂള്‍ട്ടാണ് കിവികളുടെ തുറുപ്പുചീട്ട്. സന്നാഹ മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്തത് ബൂള്‍ട്ടാണ്. നാല് വിക്കറ്റെടുത്തിരുന്നു താരം. രോഹിത്, ധവാന്‍, രാഹുല്‍, കുല്‍ദീപ് യാദവ് എന്നിവരെയാണ് പുറത്താക്കിയത്.
 
ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്നവരെന്നാണ് കിവീസിനെ ക്രിക്കറ്റ് ലോകം വാഴ്ത്തുന്നത്. ബൂള്‍ട്ടിന്റെ റെക്കോര്‍ഡ് ഇന്ത്യക്കെതിരെ അതിഗംഭീരമാണ്. മറ്റൊരു താരത്തിനും അടുത്ത കാലത്ത് ഇന്ത്യക്കെതിരെ ഇത്ര മികച്ച ട്രാക്ക് റെക്കോര്‍ഡുമില്ല. ഇന്ത്യയുടെ മുന്നേറ്റ നിര തകർന്നാൽ പിന്നെ പിടിച്ച് നിൽക്കാൻ ബുദ്ധിമുട്ടാണെന്നത് അഫ്ഗാനിസ്ഥാനുമായുള്ള മത്സരത്തിൽ കണ്ടതാണ്. അതിനാൽ, ന്യൂസിലൻഡിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് ടോസ് ലഭിക്കുകയാണെങ്കിൽ ആദ്യം ബൌളിംഗ് തിരഞ്ഞെടുക്കുന്നതാകും തന്ത്രപരമായ നീക്കമെന്നാണ് വിലയിരുത്തൽ.  
 
ഇന്ത്യയുടെ ബാറ്റിംഗിനെ പ്രധാനമായും നയിക്കുന്നത് മുന്നേറ്റ നിരയായ രോഹിത് ശര്‍മ, കെ എൽ രാഹുല്‍, വിരാട് കോലി എന്നിവരാണ്. ഇന്ത്യയുടെ മുന്‍നിരയ്‌ക്കെതിരെ ട്രെന്‍ഡ് ബൂള്‍ട്ടിന് മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ട്. പ്രത്യേകിച്ച് രോഹിത് ശർമയ്ക്കെതിരെ. രോഹിത്തിനെ കരിയറില്‍ നാല് തവണ പുറത്താക്കിയിട്ടുണ്ട് ബൂള്‍ട്ട്. ബൂൾട്ടിന്റെ പന്തിനെ നേരിടുക എന്നത് രോഹിതിന് സമ്മർദ്ദമേറിയ കാര്യമാണ്. 
 
ഇത് ബൂള്‍ട്ടിന് നന്നായി അറിയാം. രോഹിത്തിന്റെ ദൗര്‍ബല്യം മുതലെടുക്കേണ്ടത് എങ്ങനെയാണെന്ന് ബൂൾട്ടിനറിയാം. ഈ മുതലെടുപ്പിന് മുന്നിൽ പതറാതെ നിൽക്കാൻ രോഹിതിനായാൽ കൈപ്പിടിയിലൊതുങ്ങുന്നത് പുതിയ റെക്കോർഡ് ആയിരിക്കും. 
 
ഈ വര്‍ഷം ഏകദിനത്തില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത താരങ്ങളിലും ബൂള്‍ട്ട് മുന്നിലാണ്. കോലിയടക്കമുള്ള ബാറ്റ്‌സ്മാന്‍മാരെ ഏറ്റവുമധികം വിഷമിപ്പിക്കാന്‍ പോകുന്നത് ബൂള്‍ട്ടിന്റെ പന്തുകളാണ്. ബൂൾട്ടിനെ ഇന്ത്യൻ ടീം എങ്ങനെയാണ് പ്രതിരോധിക്കുക എന്നത് കാത്തിരുന്ന് കാണാം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിവീസിനെ ഇന്ത്യ പറ പറത്തുമോ? ആദ്യ സെമി ഇന്ന്; ഇന്ത്യ വരുത്തിയേക്കാവുന്ന മാറ്റങ്ങൾ ഇങ്ങനെ