2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ പരാജയപ്പെടുമ്പോള്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോ ഫീല്‍ഡ് അമ്പയറായി വരുന്ന ഏഴാം തവണയാണ് ഇന്ത്യ ഫൈനല്‍ മത്സരത്തില്‍ പരാജയപ്പെടുന്നത്. നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 6 വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യയ്ക്കുണ്ടായത്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 50 ഓവറില്‍ 240 റണ്‍സ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 4 വിക്കറ്റ് നഷ്ടത്തില്‍ 43 ഓവറില്‍ തന്നെ വിജയം കണ്ടു. 120 പന്തില്‍ 137 റണ്‍സുമായി തിളങ്ങിയ ഓപ്പണര്‍ ട്രാവിസ് ഹെഡാണ് ഇന്ത്യയെ തകര്‍ത്തത്.
ഐസിസി നോക്കൗട്ട് മത്സരങ്ങളിലെല്ലാം ഇന്ത്യയുടെ ദുശ്‌സകുനമായി വന്നിട്ടുള്ള അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബെറോ തന്നെയായിരുന്നു ഇത്തവണയും അമ്പയര്‍. ഇതിന് മുന്‍പ് ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ട് മത്സരങ്ങളില്‍ അഞ്ച് തവണയാണ് കെറ്റില്‍ബെറോ ഇന്ത്യയുടെ മത്സരം നിയന്ത്രിച്ചിട്ടുള്ളത്. ഇതില്‍ അഞ്ചിടത്തും ഇന്ത്യയ്ക്ക് നിരാശ മാത്രമായിരുന്നു. 2014ലെ ടി20 ലോകകപ്പ് ഫൈനലായിരുന്നു ഇതിന് തുടക്കം. അന്ന് ടീം ഇന്ത്യ ശ്രീലങ്കയോട് 6 വിക്കറ്റിനാണ് പരാജയപ്പെട്ടത്.
2015ലെ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ അടിയറവ് പറയിപ്പിക്കുമ്പോഴും 2016 ടി20 ലോകകപ്പ് സെമിയില്‍ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തുമ്പോഴും മത്സരം നിയന്ത്രിച്ചത് റിച്ചാര്‍ഡ് കെറ്റില്‍ബെറോ തന്നെയായിരുന്നു. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്ഥാന് മുന്നില്‍ നാണം കെടുമ്പോഴും 2019ലെ ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് നൂലിഴ വ്യത്യാസത്തില്‍ തോല്‍ക്കുമ്പോഴും അമ്പയറായി കെറ്റില്‍ബെറോ ഉണ്ടായിരുന്നു. ന്യൂസിലന്‍ഡിനെതിരായ ആദ്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെടുമ്പോള്‍ തേര്‍ഡ് അമ്പയറായി കെറ്റില്‍ബെറോ ഉണ്ടായിരുന്നു.
ഈ വര്‍ഷമാദ്യം നടന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസീസുമായി പരാജയപ്പെടുമ്പോള്‍ ടി വി അമ്പയറായി കെറ്റില്‍ബെറോയുടെ സന്നിധ്യമുണ്ടായിരുന്നു. അങ്ങനെ കണക്ക് വെച്ച് നോക്കിയാല്‍ ഫീല്‍ഡ് അമ്പയറെന്ന നിലയില്‍ അഞ്ച് ഐസിസി ടൂര്‍ണമെന്റ് നോക്കൗട്ടുകളില്‍ ഇന്ത്യ പരാജയപ്പെടുമ്പോള്‍ അല്ലാതെ 2 തവണ ഇന്ത്യ നോക്കൗട്ടില്‍ പരാജയപ്പെടുമ്പോഴും കെറ്റില്‍ബെറോയുടെ സാന്നിധ്യമുണ്ടായിരുന്നു.