വയനാട് : ഓട്ടോറിക്ഷയും ഥാര്‍ ജീപ്പും കൂട്ടിയിടിച്ച് ഓട്ടോ റിക്ഷാ ഡ്രൈവർ മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്നു പോലീസ് കണ്ടെത്തിയതിനെ തുടർന്ന് ഥാർ ജീപ്പ് ഓടിച്ചിരുന്ന സഹോദരങ്ങളായ പുത്തൂർ വയൽ കോഴി കാരാട്ടിൽ വീട്ടിൽ സുമിൽഷാദ്, അജിൻഷാദ് എന്നിവർ അറസ്റ്റിലായി. ചുണ്ടേൽ സുദേശി നവാസ് ആണ് മരിച്ചത്. ഥാര്‍ ജീപ്പ് ഓടിച്ചിരുന്നത് സുമിൽഷാദ് ആയിരുന്നു. വ്യക്തി വിരോധമാണ് കൊലപാതകത്തിന്‍റെ കാരണമെന്ന് വൈത്തിരി സിഐ ബിജു രാജ് പറഞ്ഞു.
സംഭവത്തിന് പിന്നിൽ ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നത്. അപകട മരണമാണെന്ന് വരുത്തി തീര്‍ക്കുന്ന തരത്തിലായിരുന്നു പ്രതികള്‍ ഗൂഢാലോചന നടത്തിയത്. പക്ഷെ അന്വേഷണത്തിൽ സംഭവം അപകടമല്ലെന്നും 'ആസൂത്രിത കൊലപാതകമാണെന്നും തെളിഞ്ഞതായി പൊലീസ് പറഞ്ഞു. ഓട്ടോ ഓടിച്ചിരുന്ന നവാസും ജീപ്പ് ഓടിച്ചിരുന്ന സുമിൽ ഷാദും തമ്മിൽ വ്യക്തി വൈരാഗ്യമുണ്ടായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്.
സൂമിൽ ഷാദിൻ്റെ കടയ്ക്കു മുൻപിൽ കൂടോത്രം നടത്തിയതുമായി ബന്ധപ്പെട്ട വൈരാഗ്യം ഇവർക്കിടയിൽ നിലനിന്നിരുന്നു. ഈ വൈരാഗ്യം വെച്ചാണ് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഗൂഢാലോചന നടത്തി ആസൂത്രിതമായി കൊലപാതകം നടത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവറായ നവാസ് മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന നവാസ് മരിക്കുകയും ജീപ്പ് ഓടിച്ചിരുന്ന സുമില്‍ ഷാദിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജാമ്യമില്ലാ കുറ്റം ചുമത്തി സുമിൽ ഷാദിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
എന്നാൽ സംഭവം ആസൂത്രിത കൊലപാതകമെന്ന ആരോപണവുമായി ഓട്ടോ ഡ്രൈവർ നവാസിന്റെ ബന്ധുക്കൾ പൊലീസിനെ സമീപിച്ചിരുന്നു. ഇതിനൊപ്പം ബന്ധുക്കള്‍ വൈത്തിരി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുമിൽ ഷാദ് ഥാര്‍ ജീപ്പിടിപ്പിച്ച് നവാസിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. മറ്റു വിവരങ്ങൾ അറിവായിട്ടില്ല.