ഉന്നാവില്‍ വീണ്ടും കൂട്ട ബലാത്സംഗം; പെണ്‍കുട്ടിയും അമ്മയും ജഡ്‌ജിയുടെ വീട്ടിലെത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

വ്യാഴം, 29 ഓഗസ്റ്റ് 2019 (20:35 IST)
ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്‌തു. പീഡന  പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച് പെണ്‍കുട്ടിയും അമ്മയും ജില്ലാ ജഡ്ജിയുടെ വീട്ടിലെത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.

ഉത്തര്‍പ്രദേശിലെ ഉന്നാവിലെ മാഖി എന്ന ഗ്രാമത്തില്‍ നിന്നാണ് പെണ്‍കുട്ടിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്‌തത്. കഴിഞ്ഞ ജൂലായ് ഒന്നിന് നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയും കുടുംബവും പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

പരാതി പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഭീഷണി നടത്തിയിട്ട് പോലും ഇവരില്‍ ആരെയും പിടികൂടാനോ അറസ്‌റ്റ് ചെയ്യാനോ പൊലീസ് ശ്രമിച്ചില്ല. ഇതോടെയാണ് പെണ്‍കുട്ടിയും മാതാവും ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ആത്മഹത്യാ ശ്രമം തടഞ്ഞത്.

സംഭവം വിവാദമായതോടെ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. പ്രതികളിലൊരാള്‍ അറസ്‌റ്റിലായെന്നും ഒളിവില്‍ പോയ രണ്ടു പേര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 64 മെഗാപിക്സൽ, ക്യാഡ് ക്യാമറ, റിയൽമി XT ഉടൻ ഇന്ത്യയിലേക്ക് !