കൊല്ലത്ത് മകൻ അമ്മയെ കൊന്ന് വീട്ടുവളിപ്പിൽ കുഴിച്ചുമൂടി; അറസ്റ്റ്
അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്.
കൊല്ലം നഗരത്തിൽ മകൻ അമ്മയെ കൊന്നു കുഴിച്ചുമൂടി. ചെമ്മാമുക്ക് നീതി നഗറിൽ സാവിത്രി അമ്മ (84) ആണ് കൊല്ലപ്പെട്ടത്. മകന്‍ സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്.
ഞായാറാഴ്ച രാവിലെ വീടിന്റെ സെപ്റ്റിക് ടാങ്കിനു സമീപം മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിലെ കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന സുനിലിന്റെ സുഹൃത്ത് കുട്ടന്‍ ഒളിവിലാണ്.സെപ്റ്റംബര്‍ 5നാണ് സാവിത്രിയമ്മയെ കാണാതാകുന്നത്. തുടര്‍ന്ന് സെപ്റ്റംബര്‍ 12നാണ് സാവിത്രിയമ്മയുടെ മകള്‍ പോലീസില്‍ പരാതി നല്‍കുന്നത്.
രണ്ടര ലക്ഷം രൂപയ്ക്ക് വേണ്ടി വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ട് മകന്‍ നിരന്തരമായി സാവിത്രിയമ്മയെ ഉപദ്രവിക്കാറുള്ളതായി മകള്‍ മാധ്യമങ്ങളോട് പറഞ്ഞു. സാവിത്രിയമ്മയെ മകന്‍ സുനില്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നെന്ന് അയല്‍വാസികളും പറഞ്ഞു. കൊല്ലപ്പെട്ട ദിവസവും സാവിത്രിയമ്മയുടെ നിലവിളി കേട്ടിരുന്നു, അന്വേഷിച്ചപ്പോള്‍ അമ്മയെ അടിച്ചെന്നാണ് സുനില്‍ പറഞ്ഞതെന്നും അയല്‍വാസികള്‍ പറഞ്ഞു.