Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതോ പ്രണയം? ഇത്ര പൈശാചികമാകാൻ ‘അവനെ‘ പ്രേരിപ്പിക്കുന്നതെന്ത്?

ന്യൂ ജെൻ കാലത്തെ പ്രണയം മാത്രമോ ഇങ്ങനെ?

ഇതോ പ്രണയം? ഇത്ര പൈശാചികമാകാൻ ‘അവനെ‘ പ്രേരിപ്പിക്കുന്നതെന്ത്?
, ബുധന്‍, 13 മാര്‍ച്ച് 2019 (15:08 IST)
എത്ര പെട്ടന്നാണ് ഒരാൾ ഒരു കൊലപാതകം ചെയ്യുന്നത്. കൊലപാതകമെന്ന് കേൾക്കുമ്പോൾ വ്യക്തി വൈരാഗ്യവും രാഷ്ട്രീയവും ക്വട്ടേഷനുമൊക്കെയായിരുന്നു സാംസ്കാരിക കേരളത്തിനു ഇതുവരെ പരിചയമുണ്ടായിരുന്ന മുഖം. എന്നാൽ, കഴിഞ്ഞ 4 വർഷമായി കഥയാകെ മാറിയിരിക്കുകയാണ്. ഇതിൽ എടുത്ത് പറയേണ്ടത് പ്രണയം, പ്രണയനൈരാശ്യം, പ്രണയം നിരസിക്കുക തുടങ്ങിയ കാരണങ്ങൾ കൊണ്ടുണ്ടായ ക്രൈമിന്റെ എണ്ണം വർധിച്ചിരിക്കുന്നു എന്നതാണ്. 
 
പ്രതിദിനം ഇന്ത്യയിൽ ഏഴ് കൊലപാതകങ്ങള്‍ പ്രണയം കാരണം നടക്കുന്നുണ്ട്. 14 ആത്മഹത്യകളും ദിവസേന പ്രണയം കാരണമായി സംഭവിക്കുന്നു. 47 തട്ടിക്കൊണ്ടുപോവലുകള്‍ക്ക് കാരണവും മറ്റൊന്നല്ല. പ്രണയത്തിന്റെ അനന്തര ഫലങ്ങള്‍ ഗൗരവമേറിയതാണെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു. വാർത്തകളിൽ വായിച്ച് പരിചയമുള്ള കുറ്റകൃത്യങ്ങൾ കേരളത്തിലും വ്യാപകമാവുകയാണ്.
 
പ്രണയത്തകര്‍ച്ചയില്‍ പുരുഷന്‍മാര്‍ ചെയ്യുന്ന കൊപാതകങ്ങള്‍, വീട്ടുകാരുടെ അനുമതിയില്ലാത്തതിനാല്‍ കമിതാക്കള്‍ നടത്തുന്ന ആത്മഹത്യ, ജാതിയുടെ പേരിലുള്ള കൊലപാതകങ്ങള്‍, കാമുകന്റെ മറ്റൊരു പ്രണയം അറിയുമ്പോഴുള്ള പ്രതികാരം തുടങ്ങി വിവിധ രൂപത്തിലാണ് പ്രണയം കുടുംബങ്ങളില്‍ ദുരിതം വിതയ്ക്കുന്നത്. ചെന്നൈയിൽ പ്രണയം നിരസിച്ചതിനെ തുടർന്നാണ് അടുത്തിടെ രമ്യ, സ്വാതി, സോണിയ, ഫ്രാൻസീന, ഇന്ദുജ എന്നീ പെൺകുട്ടികളെ യുവാക്കൾ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. 
 
കേരളത്തിലേക്ക് വന്നാൽ, ആതിരയുടേയും കെവിന്റേതും പ്രണയം മൂലമുണ്ടായ ദുരഭിമാന കൊലയായിരുന്നു. കാക്കനാട് കൊലചെയ്യപ്പെട്ട ജിബിൻ വർഗീസിനും വിനയായത് പ്രണയമാണ്. കഴിഞ്ഞ വർഷം കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കഷന്‍ ക്ലാസ് മുറിയില്‍ ലക്ഷ്മിയെന്ന വിദ്യാർത്ഥി തീയിലെരിയപ്പെട്ടതും പ്രണയത്തിന്റെ പേരിലായിരുന്നു. പ്രണയപരാജയത്തില്‍ ക്ഷുഭിതനായ ആദര്‍ശ് എന്ന 25 കാരന് ചെയ്ത ക്രൂരത. സംഭവത്തിൽ രണ്ട് പേരും മരണപ്പെട്ടു. 
 
സമാനമായ സംഭവമാണ് തിരുവല്ലയിലും നടന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവല്ലയിൽ പെൺകുട്ടിയെ യുവാവ് കുത്തിവീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. പട്ടാപ്പകൽ ഇത്ര ക്രൂരമായ ഒരു ക്രൈം ചെയ്യാൻ പ്രതി അജിൻ റെജിയെ പ്രേരിപ്പിച്ചതെന്താകുമെന്നും സോഷ്യൽ മീഡിയ അന്വേഷിക്കുന്നുണ്ട്. വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും പെൺകുട്ടി ഇപ്പോൾ പ്രണയത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നുണ്ടായ പകയാണ് കൊല്ലാൻ ശ്രമിച്ചതെന്നും പ്രതി തന്നെ മൊഴി കൊടുത്തിട്ടുമുണ്ട്. 
 
പ്രണയവും പ്രണയനൈരാശ്യവും സ്വാഭാവികമാണ്. എന്നാൽ, പൈശാചികമായ കൊലപാതകങ്ങൾ സ്വാഭാവികമല്ല. മുൻ‌കാലങ്ങളിലെ കണക്കുകളെടുത്താൽ തിരസ്ക്കരിക്കപ്പെട്ടവരുടെ ഉള്ളിലെ പകയും അപക്വമായ മനസുമാണ് ഒരു വലിയ കുറ്റകൃത്യത്തിലേക്ക് അവരെ നയിക്കുന്നത് എന്ന് തിരിച്ചറിയാനാകും.  
 
ആത്മാർത്ഥമായ പ്രണയമാണെങ്കിൽ അവന് അവളെ എങ്ങനെയാണ് കൊല്ലാൻ കഴിയുക? അവളെ കൊല്ലാൻ എങ്ങനെയാണ് ശ്രമിക്കുക? തുടങ്ങിയ ചോദ്യശരങ്ങൾ കൊലയാളിക്ക് നേരെ ഉയരുകയാണ്. ചോദ്യങ്ങൾ പ്രസക്തമാണ്. വില്ലൻ സിനിമയിൽ മോഹൻലാലിന്റെ കഥപാത്രം പറയുന്നത് പോലെ ‘ഒരാളുടെ ജീവൻ മറ്റൊരാൾ എടുക്കുന്നതിലും അസ്വഭാവികമായി മറ്റെന്താണുള്ളത്?’ .  
 
ഉപേക്ഷിക്കപ്പെടാൻ വയ്യ, തിരസ്ക്കരിക്കപ്പെടുമ്പോഴുള്ള അപമാനം, സ്വയം തോന്നുന്ന അപകർഷതാബോധം ഇതൊക്കെയാകാം ഒരാളെ ഇത്രവലിയ ഒരു കൃത്യം ചെയ്യാൻ പ്രേരിപ്പിക്കുന്നത്. എന്നിരുന്നാലും എന്ത് കാരണമായാലും കൊലപാതകം ആവശ്യമായിരുന്നുവെന്ന് ന്യായീകരിക്കാൻ ആർക്കും തന്നെ കഴിയില്ല. അപക്വമായ മനസും, പക്വമല്ലാത്ത പ്രായത്തിലെ പ്രണയവും വരുത്തിവെയ്ക്കുന്നത് നഷ്ടങ്ങൾ മാത്രമാണ്. ഇനിയൊരിക്കലും തിരിച്ചെടുക്കാൻ കഴിയാത്ത നഷ്ടം. പ്രണയമെന്നാൽ ചതിയും പകയും പകവീട്ടലും കൊലപാതകവുമല്ലെന്ന് ഇനിയെന്നാണ് നമ്മുടെ ന്യൂ ജെൻ തലമുറ മനസ്സിലാക്കുക? .  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മോദിയോടു ശരിക്കും സ്നേഹം മാത്രം'; പ്രധാനമന്ത്രിയെ ആലിംഗനം ചെയ്‌തത് എന്തിനെന്ന് വിശദീകരിച്ച് രാഹുൽ