ബിലാൽ ഉണ്ടാകുമോ? മറുപടി നൽകി നടൻ സുമിത് നവാൽ
ബിഗ് ബിക്ക് രണ്ടാം ഭാഗം വരുന്നുവെന്ന് അമൽ നീരദ് വെളിപ്പെടുത്തിയിരുന്നു.
സംവിധായകൻ അമൽ നീരദിന്റെ ക്രാഫ്റ്റ് പതിഞ്ഞ സിനിമയാണ് ബിഗ് ബി. 2007 ൽ റിലീസ് ആയ സിനിമ കൾട്ട് ക്ലാസിക് ആയി വിലയിരുത്തപ്പെടുന്നു. റിലീസ് സമയം ചിത്രം തിയേറ്ററിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് ബിഗ് ബിക്ക് ആരാധകർ ഏറുകയായിരുന്നു. വർഷങ്ങൾക്ക് ശേഷം ബിഗ് ബിക്ക് രണ്ടാം ഭാഗം വരുന്നുവെന്ന് അമൽ നീരദ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ, അത് സംബന്ധിച്ച ചർച്ചകളോ കൂടുതൽ അപ്‌ഡേറ്റുകളോ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രമായിരുന്നു 'ബിഗ് ബി'. ഇപ്പോള്‍ ബസൂക്ക സിനിമയുടെ പ്രസ് മീറ്റിൽ ബിലാൽ സിനിമയെക്കുയർച്ച് സംസാരിക്കുകയാണ് നടൻ സുമിത് നവാൽ. ബിഗ് ബിയിലെ ബിജോ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് സുമിത്. ബിഗ് ബിയിൽ സുമിത്തിന്റെ കഥാപാത്രമായ ബിജോ കൊല്ലപ്പെടുകയാണ്.
'ബിലാൽ ഉണ്ടാകുമോ? എന്ന ചോദ്യമാണ് എല്ലാവരും എന്നോട് ചോദിക്കുന്നത്. പക്ഷെ എനിക്ക് അതിന് ഉത്തരം അറിയില്ല. നിങ്ങളെ പോലെ ഞാനും സിനിമയ്ക്ക് വേണ്ടി ആഗ്രഹിക്കുന്നുണ്ട്,' എന്നാണ് സുമിത് നവാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബസൂക്കയിൽ അൻസാരി എന്ന കഥാപാത്രമായാണ് സുമിത് എത്തിയിരുന്നത്. സാഗർ ഏലിയാസ് ജാക്കി, സീനിയേഴ്സ്, സിഐഎ തുടങ്ങിയ സിനിമകളിലും സുമിത് നവാൽ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യൻ നായിക സിമ്രാന്റെ സഹോദരൻ കൂടിയാണ് സുമിത്.
മമ്മൂട്ടിക്ക് പുറമെ മനോജ് കെ ജയൻ, പശുപതി, വിജയരാഘവൻ, മംമ്ത മോഹൻദാസ്, വിനായകൻ, ബാല, ലെന തുടങ്ങിയ വൻ താരനിരയാണ് ബിഗ് ബിയിൽ ഉള്ളത്. കോവിഡിന് മുൻപ് ബിലാലിന്റെ ഷൂട്ട് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എന്നാൽ പിന്നീട് സിനിമയെക്കുറിച്ച് ഒരു അപ്‌ഡേറ്റും ഉണ്ടായില്ല. 2022 ൽ ഭീഷ്മ പർവ്വം എന്ന ചിത്രത്തിനായി വീണ്ടും അമൽ നീരദും മമ്മൂട്ടിയും ഒന്നിച്ചിരുന്നു.