Rima Kallinkal: ഞാനൊരു നടിയാണ്, അത് എല്ലാവരും മറന്നു പോയി: റിമ കല്ലിങ്കൽ
കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി.
കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ വനിതാ നേതൃത്വം വന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് നടി റിമാ കല്ലിങ്കൽ. സംഘടനയിൽ ഒരുപാട് കാര്യങ്ങൾ ആദ്യമായി നടക്കുകയാണെന്നും അതിനെ നല്ല രീതിയിലാണ് കാണുന്നതെന്നും റിമ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടി.
അതേസമയം, താൻ ഒരു നടിയാണെന്ന കാര്യം എല്ലാവരും മറന്നുപോയെന്ന അവസ്ഥയിലാണ് തന്റെ ജീവിതമെന്ന് റിമ പറഞ്ഞു. 'അമ്മ'യിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ. 'ഞാൻ ഒരു ആർട്ടിസ്റ്റാണ് ആദ്യം. അത് എല്ലാവരും മറന്നുപോയി. ജീവിതത്തിൽ ആ പോയിന്റിലാണ് ഞാൻ നിൽക്കുന്നത്'- എന്നായിരുന്നു റിമയുടെ വാക്കുകൾ.
അമ്മയിൽ നിന്ന് പോയവരെ തിരികെ കൊണ്ടുവരുമെന്ന് പ്രസിഡന്റെ ശ്വേത മേനോൻ പറഞ്ഞിരുന്നു. അങ്ങനെ സംഭവിച്ചാൽ എന്താണ് പ്രതികരണം എന്ന ചോദ്യത്തോട് രൂക്ഷമായാണ് റിമ പ്രതികരിച്ചത്.
"ഞാനൊരു കാര്യം പറയട്ടെ, ഞാനിവിടെ ഫിലിം ക്രിട്ടിക്സ് അവാർഡിന് വന്നതാണ്. എനിക്കിന്ന് മികച്ച നടിക്കുള്ള ഒരു അവാർഡ് കിട്ടിയിട്ടുണ്ട്. നിങ്ങൾ ആരെങ്കിലും അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടോ. ഞാനൊരു ആർട്ടിസ്റ്റ് ആണ് ആദ്യം. അതെല്ലാവരും മറന്നു പോയി എന്നുള്ളതുണ്ടല്ലോ, ആ ഒരു പോയിന്റിലാണ് ജീവിതത്തിൽ ഞാൻ നിൽക്കുന്നത്. അത്രയേ എനിക്ക് പറയാനുള്ളൂ".- റിമ പറഞ്ഞു.