ശ്രീദേവിയുടെ മരണത്തിൽ ദുരൂഹത? ഫൊറെൻസിക് റിപ്പോർട്ടിനായുള്ള കാത്തിരുപ്പ് തുടരുന്നു
മൃതദേഹം നാട്ടിലെത്തിക്കാൻ വൈകും, കാരണം ശക്തമാണ്
അന്തരിച്ച ബോളിവുഡ് നടി ശ്രീദേവി സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. മൃതദേഹം ദുബായില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിക്കാന്‍ വൈകിയ പശ്ചാത്തലത്തിലാണ് ചടങ്ങുകള്‍ ഇന്നത്തേക്ക് ക്രമീകരിച്ചത്. ഇന്‍ക്വസ്‌റ്റ് നടപടികള്‍ വൈകുന്നതാണ് മൃതദേഹം വിട്ടുകിട്ടാൻ വൈകുന്നത്.
ശ്രീദേവിയുടെ ഭൗതിക ശരീരം മുംബൈയിലേയ്ക്ക് അയക്കാൻ വേണ്ടിയുള്ള നിയമ നടപടികൾക്ക് ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ സഹായിക്കാൻ ദുബായിലെ സാമൂഹിക പ്രവർത്തകർ ഭക്ഷണം പോലും വേണ്ടെന്ന് വച്ചു കാത്തിരുന്നതു മണിക്കൂറുകൾ.
ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് ലഭിക്കാത്തതാണു മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടുപോകാനുള്ള തുടർ നടപടികൾ സാധ്യമാകാത്തതിനു കാരണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഹൃദയാഘാതം പോലുള്ള സാധാരണ രീതിയിലുള്ള മരണമാണെങ്കിൽ ആറ് മണിക്കൂറിനുള്ളിലെങ്കിലും റിപ്പോർട്ട് കിട്ടേണ്ടതാണ്. ശ്രീദേവിയുടെ മരണത്തിൽ കൂടുതൽ വ്യക്തത കൈവരിക്കാനുള്ളതിനാലായിരിക്കാം ഫൊറൻസിക് റിപ്പോർട്ട് ഇന്നലെ ലഭിക്കാത്തതിനു കാരണമെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.
ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ മാത്രമേ മുംബൈയില്‍ എത്തുകയുള്ളുവെന്നാണ് സൂചന. ശനിയാഴ്‌ച രാത്രി പതിനൊന്നരയോടെ യുഎഇയിലെ റാസല്‍ഖൈമയില്‍ വച്ചായിരുന്നു ശ്രീദേവിയുടെ മരണം. ഹൃദയാഘാതമായിരുന്നു മരണകാരണം. ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹവിരുന്നില്‍ പങ്കെടുക്കാനാണ് ശ്രീദേവി റാസല്‍ ഖൈമയിലെത്തിയത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീദേവിയെ രക്ഷിക്കാന്‍ സാധിച്ചില്ല. മരണ സമയത്ത് ഭർത്താവും നിർമാതാവുമായ ബോണി കപൂർ, ഇളയ മകൾ ഖുഷി എന്നിവർ സമീപത്തുണ്ടായിരുന്നു.