ഇരുട്ടിലേക്കാണ് ചാടുന്നതെന്ന് എനിക്കറിയാം, പക്ഷെ എനിക്ക് പണം വേണമായിരുന്നു: വൈറലായി അജിത്തിന്റെ വാക്കുകൾ
കടം വീട്ടാനായാണ് നടന്‍ സിനിമയില്‍ അഭിനയിക്കാനൊരുങ്ങിയത്.
നടൻ അജിത്ത് ഇന്ന് 54-ാം ജന്മദിനം ആഘോഷിക്കുകയാണ്. തമിഴകത്ത് നടന് നിരവധി ആരാധകരാണുള്ളത്. ഒരിക്കലും പ്ലാന്‍ ചെയ്ത് സിനിമയില്‍ എത്തിയ ആളല്ല അജിത്ത്. തന്റെ ജീവിതസാഹചര്യങ്ങളെ തുടര്‍ന്ന് കടം വീട്ടാനായാണ് നടന്‍ സിനിമയില്‍ അഭിനയിക്കാനൊരുങ്ങിയത്. ഇതിനെ കുറിച്ച് അജിത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
'ആദ്യ കാലത്ത് ഒരു തെലുങ്ക് സിനിമയുടെ ഓഡിഷനില്‍ പങ്കെടുക്കാനുള്ള അവസരം എനിക്ക് കിട്ടി. എനിക്ക് ആ ഭാഷ സംസാരിക്കാന്‍ അറിയില്ല. പക്ഷേ ഞാന്‍ അത് ചെയ്യാന്‍ തീരുമാനിച്ചു. നമ്മുടെ കുടുംബത്തില്‍ നിന്ന് ആരും സിനിമാ മേഖലയില്‍ ഇല്ല എന്നാണ് അച്ഛനും അമ്മയും അന്ന് എന്നോട് പറഞ്ഞത്. ഇരുട്ടിലേക്കാണ് ചാടുന്നതെന്ന് എനിക്കറിയാം. പക്ഷേ അഭിനയിക്കാന്‍ താല്‍പര്യമുള്ള ആളുകള്‍, എനിക്ക് വന്ന ഈ അവസരം ഞാന്‍ നിരസിച്ചു എന്ന് അറിയുമ്പോള്‍ എന്തായിരിക്കും പറയുക. അവര്‍ക്ക് അതില്‍ എത്ര മാത്രം ദേഷ്യമുണ്ടാകും എന്ന് ഞാന്‍ അവരോട് തിരിച്ചു പറഞ്ഞു.
ജീവിതം നമുക്ക് മുന്നില്‍ തുറന്നു തരുന്ന അവസരം ഉപയോഗിക്കാതിരിക്കുന്നത് പാപമാണ്. അന്നൊക്കെ ഞാനൊരു നിഷ്‌കളങ്കനായിരുന്നു. മുമ്പ് ഒരു അഭിമുഖത്തില്‍ അഭിനയത്തിലേക്ക് വരാനുണ്ടായ കാരണത്ത കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്നോട് ചോദിച്ചിരുന്നു. എന്റെ ബിസിനസ് പൊട്ടിത്തകര്‍ന്നു. അതുകൊണ്ട് എനിക്ക് കുറച്ച് കടബാധ്യതയുണ്ടായി. ഒന്ന് രണ്ട് സിനിമകളൊക്കെ ചെയ്ത് ആ കടം വീട്ടുക എന്നതായിരുന്നു എന്റെ ലക്ഷ്യമെന്ന് ഞാന്‍ അദ്ദേഹത്തോട് മറുപടിയായി പറഞ്ഞു.
എന്റെ മറുപടി കേട്ട് അദ്ദേഹം ശരിക്കും അമ്പരന്നു പോയി. എത്ര പേര്‍ക്ക് കടം തിരിച്ച് വീട്ടണമെന്ന് ആഗ്രഹമുണ്ടാകും? അപ്പോള്‍, ഇരുട്ടിലേക്ക് അല്ലെങ്കില്‍ ഒന്നും അറിയാത്ത ഒരു സ്ഥലത്തേക്ക് എടുത്തു ചാടാന്‍ ഞാനെടുത്ത തീരുമാനത്തെ നിങ്ങള്‍ എന്തുകൊണ്ട് അഭിനന്ദിക്കുന്നില്ല. എന്റെ ആദ്യത്തെ ചില സിനിമകളൊക്കെ കണ്ടാല്‍ ഞാനൊരു ഭയങ്കര നടനായി തോന്നും. തമിഴില്‍ പോലും എനിക്ക് വേണ്ടി ഡബ്ബ് ചെയ്തത് മറ്റ് നടന്മാരായിരുന്നു. എന്റെ ഇംഗ്ലീഷ് ഉച്ചാരണം പോലും വലിയതോതില്‍ വിമര്‍ശിക്കപ്പെട്ടു. ഇപ്പോഴും മിമിക്രി താരങ്ങള്‍ എന്റെ പഴയകാലത്തെ കാര്യങ്ങളൊക്കെ അനുകരിക്കാറുണ്ട്.
ഞാന്‍ കൂടുതല്‍ പ്രവര്‍ത്തിച്ചു, എന്റേതായ രീതിയില്‍ ജോലി ചെയ്തു. എന്റെ തമിഴിലും അതുപോലെ മറ്റിടങ്ങളിലും ഞാന്‍ പ്രവര്‍ത്തിച്ചു. കരിയറില്‍ ഞാന്‍ എപ്പോഴും ആത്മാര്‍ഥതയും സത്യസന്ധതയും പുലര്‍ത്തിയിരുന്നു. ചില കാര്യങ്ങള്‍ വിധിക്കപ്പെട്ടതാണ് എങ്കിലും. ഈ ദിവസം നിങ്ങള്‍ ജീവിക്കുക, സത്യസന്ധമായി ജോലി ചെയ്യുക. പ്രശസ്തനാകാനോ അല്ലെങ്കില്‍ പ്രശസ്തി ആഗ്രഹിച്ചോ അല്ല ഞാന്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നത്. എന്റെ കടങ്ങള്‍ വീട്ടാന്‍ എനിക്ക് പണം വേണമായിരുന്നു', എന്നായിരുന്നു അജിത്തിന്റെ വാക്കുകള്‍.