Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ
മാടമ്പി, അരികെ, ടു കൺട്രീസ് തുടങ്ങിയവയാണ് അജ്മൽ അമീറിന്റെ ശ്രദ്ധേയ മലയാള സിനിമകൾ.
പ്രണയകാലം എന്ന സിനിമയിലൂടെ വലിയ ജനശ്രദ്ധ നേടിയ നടനാണ് അജ്മൽ അമീർ. സിനിമ ഹിറ്റായില്ലെങ്കിലും സിനിമയിലെ ഗാനങ്ങൾ ഏറെ ഹിറ്റായി. നടന് ഈ ഗാനങ്ങൾ ഏറെ ശ്രദ്ധ നേടിക്കൊടുത്തു. മലയാളത്തിനേക്കാൾ കൂടുതൽ തമിഴിൽ ആണ് അജ്മൽ സിനിമകൾ ചെയ്തിട്ടുള്ളത്. മാടമ്പി, അരികെ, ടു കൺട്രീസ് തുടങ്ങിയവയാണ് അജ്മൽ അമീറിന്റെ ശ്രദ്ധേയ മലയാള സിനിമകൾ.
നെട്രികൺ എന്ന തമിഴ് സിനിമയിൽ ക്രൂരനായ വില്ലനായാണ് അജ്മൽ അമീർ അഭിനയിച്ചത്. നയൻതാരയാണ് ചിത്രത്തിൽ നായികയായെത്തിയത്. നെട്രികൺ എന്ന സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ച് പുതിയ അഭിമുഖത്തിൽ അജ്മൽ അമീർ സംസാരിക്കുന്നുണ്ട്. മൂവി വേൾഡ് മീഡിയയിൽ സംസാരിക്കുകയായിരുന്നു നടൻ.
'വില്ലൻ വേഷം ചെയ്യുമ്പോൾ ജനങ്ങൾ വെറുക്കുമോ എന്ന് ആദ്യ കാലത്തായിരുന്നെങ്കിൽ ചിന്തിച്ചേനെ. ഇന്ന് ആളുകൾക്ക് ഫിലിം മേക്കിംഗിനെക്കുറിച്ച് അറിയാം. ഇന്ന് മുമ്പത്തെ പോലെ ഇന്റിമേറ്റ് സീനുകൾ മോശമായല്ല ചിത്രീകരിക്കുന്നത്. അങ്ങനത്തെ സിനിമകളെ സപ്പോർട്ട് ചെയ്യേണ്ടത് ആർട്ടിസ്റ്റെന്ന നിലയിൽ ഞാൻ ചെയ്യേണ്ടതാണ്. തമിഴിൽ ഈ സിനിമ റിലീസ് ചെയ്തപ്പോൾ എന്തുകൊണ്ട് ഈ സിനിമ ചെയ്തെന്ന് ചെറിയ ചിന്താഗതിക്കാരായ ആൾക്കാർ എനിക്ക് മെസേജ് അയക്കുമായിരുന്നു.
ഞാനത് കാര്യമാക്കിയില്ല. ആ സിനിമ എന്നെ വേറൊരു തരത്തിലേക്ക് കൊണ്ട് പോയി. സിനിമ കണ്ടിട്ട് എനിക്ക് വന്ന കുറേ കോൾസുണ്ട്. കേരളത്തിൽ ഈ സിനിമയ്ക്ക് വ്യൂവേർസുണ്ടാകുന്നെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഒരുപാട് ആൾക്കാർ മെസേജ് അയക്കുന്നുണ്ട്, കളിയാക്കുന്നുണ്ട്. കുടുംബാംഗങ്ങൾ എന്താണ് നീ ചെയ്തതെന്ന് ചോദിക്കുന്നുണ്ട്. ഞാനിപ്പോൾ കുറേക്കൂടി പ്രൊഫഷണലായാണ് സിനിമയെ സമീപിക്കുന്നത്.
വീട്ടുകാർക്ക് എന്നെ അറിയാം. ആ സിനിമയിൽ ഒരു സ്മൂച്ച് സീൻ ചെയ്യാൻ ഒരുപാട് പ്രാവശ്യം എന്നോട് പറഞ്ഞതാണ്. എനിക്കത് ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് ഞാൻ പറഞ്ഞു. അങ്ങനെ വേറെ രീതിയിലേക്ക് മാറ്റി. ക്യാരക്ടർ റോളുകൾ ചെയ്യുന്നത് ഞാൻ നിർത്തി. ഡബിൾ ഹീറോയൊക്കെയാണെങ്കിൽ ചെയ്യാം. ഒന്നുകിൽ ഹീറോ അല്ലെങ്കിൽ വേണ്ട എന്ന നിലപാടിലാണിപ്പോൾ.
തമിഴിലും തെലുങ്കിലും ലീഡ് റോളുകൾ ലഭിക്കുന്നുണ്ട്. ഇവിടെ വന്നിട്ട് ഒരു ക്യാരക്ടർ ചെയ്യേണ്ട കാര്യം എനിക്കില്ലെന്നും അജ്മൽ അമീർ പറഞ്ഞു. വാരി വലിച്ച് സിനിമ ചെയ്യാൻ ഇഷ്ടമില്ല. നല്ല ക്വാളിറ്റിയുള്ള സിനിമകൾ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും അജ്മൽ അമീർ പറഞ്ഞു.
കഴിഞ്ഞ ദിവസം അജ്മൽ അമീറിനെതിരെ ചില ആരോപണങ്ങൾ വന്നിരുന്നു. നടൻ സെക്സ് വോയിസ് ചാറ്റ് ചെയ്തതിന്റെ തെളിവുകൾ എന്റെ കാസറ്റ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്ത് വന്നു. വീഡിയോകോളിന്റെ ദൃശ്യവുമുണ്ടായിരുന്നു. ഇത് തന്റേതല്ലെന്നും എ.ഐ ഉപയോഗിച്ച് വ്യാജമായി നിർമിച്ചതാണെന്നും അജ്മൽ വിശദീകരണം നൽകി.