Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അന്ന് മമ്മൂട്ടി ഒന്നാം സ്ഥാനത്തും മോഹൻലാൽ രണ്ടാമതും ആയിരുന്നു, അപ്പോഴാണ് അദ്വാൻജി വന്നതും ആ സംഭവം ഉണ്ടായതും'; ആലപ്പി അഷറഫിന്റെ വെളിപ്പെടുത്തൽ

മോഹൻലാലിന്റെ കരിയറിലെ തുടക്കക്കാലത്തെ കുറിച്ച് ആലപ്പി അഷറഫ്

Alappuzha Ashraf

നിഹാരിക കെ.എസ്

, ചൊവ്വ, 1 ഏപ്രില്‍ 2025 (15:00 IST)
മോഹൻലാൽ സിനിമ എമ്പുരാനുമായി ബന്ധപ്പെട്ട വിവാദം കത്തുകയാണ്. ഇതിനിടെയാണ് നടൻ മോഹൻലാലിന്റെ തുടക്ക കാലത്തെ കുറിച്ചും എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും പ്രതികരിച്ച് ആലപ്പി അഷ്റഫ് രംഗത്ത് എത്തിയത്. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ പുതുതലമുറയ്ക്ക് അറിയാത്ത ചില സംഭവങ്ങളെ കുറിച്ചാണ് ആലപ്പി അഷ്റഫ് വെളിപ്പെടുത്തിയത്.
 
മോഹൻലാലിന്റെ ആദ്യകാല വളർച്ചയിൽ ആർഎസ്എസ്സിനുള്ള പങ്ക് വിസ്മരിക്കാനാവില്ലെന്നും താൻ പറയുന്ന പല കാര്യങ്ങളും ഇപ്പോഴത്തെ ആളുകൾക്ക് അവിശ്വസനീയമായി തോന്നുമെന്നും അദ്ദേഹം പറയുന്നു. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചെർക്കുന്നുണ്ട്. എമ്പുരാന്റെ ആദ്യ ഷോ തന്നെ താൻ കണ്ടിരുന്നുവെന്നും ഒന്നാം ഭാ​ഗം ലൂസിഫർ പോലെ അത്ര സുഖകരമല്ലായിരുന്നു എമ്പുരാൻ എന്നും ആലപ്പി അഷ്റഫ് പറയുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും യോജിപ്പും വിയോജിപ്പും രേഖപ്പെടുത്തിയ ആദ്യ മലയാള സിനിമ എന്നത് എമ്പുരാന് സ്വന്തമാണെന്നും ആലപ്പി അഷ്റഫ് പറയുന്നു.
 
'ഒരു സിനിമ കാണാൻ രാവിലെ നാല് മണിക്ക് എഴുന്നേറ്റ് കുളിച്ച് റെഡിയായി അഞ്ച് മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങി ആ​ദ്യ ദിവസത്തെ ആ​ദ്യ ഷോ ആറ് മണിയ്ക്ക് കണ്ടു. അതിനുള്ള കാരണം ചൂടോടെ ഒരു റിവ്യു ചെയ്യാം എന്നുള്ള ഉദ്ദേശമായിരുന്നു. എന്നാൽ പടം കണ്ട് കഴിഞ്ഞപ്പോൾ റിവ്യു ചെയ്യേണ്ടെന്ന് തീരുമാനിച്ചു. ഒരുപക്ഷെ ഞാനും ഒരു സിനിമാ പ്രവർത്തകൻ ആയതുകൊണ്ടാകാം. ഒന്നാം ഭാ​ഗം ലൂസിഫർ പോലെ അത്ര സുഖകരമല്ലായിരുന്നു എമ്പുരാൻ. പല സിനിമാ നിരൂപകരുടെ നിരൂപകരണങ്ങളും സിനിമയ്ക്ക് അനുകൂലമല്ലായിരുന്നു. മോഹൻലാൽ ഫാൻസും അത്ര തൃപ്തരല്ലായിരുന്നു. 
 
എന്നാൽ രണ്ട് ദിവസം പിന്നിട്ടപ്പോൾ നിരൂപണത്തിന്റെ ദിശ മാറി. അവിടെ രാഷ്ട്രീയവും മതവും കടന്ന് വന്നു ഒപ്പം വ്യക്തി വൈരാ​ഗ്യങ്ങളും. എല്ലാ രാഷ്ട്രീയ പാർട്ടികളും യോജിപ്പും വിയോജിപ്പും രേഖപ്പെടുത്തിയ ആദ്യ മലയാള സിനിമ എന്നത് എമ്പുരാന് സ്വന്തം. ഒരു വിഭാ​ഗം പറയുന്നു ഇതൊരു ചരിത്ര സത്യമാണെന്ന്. മറ്റൊരു വിഭാ​ഗം പറയുന്നു... ഒരു വിഭാ​ഗത്തിനെ മാത്രം ടാർ​ഗെറ്റ് ചെയ്ത് നിർമ്മിച്ച ചിത്രമാണെന്ന്. എന്നാൽ വേറൊരു വിഭാ​ഗം പറയുന്നു ഇതിനെ ഒരു ആവിഷ്കാര സ്വാതന്ത്ര്യമായി കാണണമെന്ന്. 
 
കേന്ദ്രം ഭരിക്കുന്ന ​ഗവൺമെന്റാണ് സെൻസർ ബോർഡ് മെമ്പർമാരെ നിയമിക്കുന്നത്. ഞാനും മുമ്പ് സെൻസർ ബോർഡ് മെമ്പറായി ഇരുന്നിട്ടുണ്ട്. സെൻസർ ബോർഡ് ഈ സിനിമയ്ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെങ്കിൽ അത് മോഹൻലാൽ എന്ന നടന് വേണ്ടി മാത്രമായിരിക്കും. ഈ സിനിമ സെൻസർ ചെയ്ത വേളയിൽ അവർ കൂട്ടായി എടുത്ത തീരുമാനം ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് അവർ ചിന്തിച്ച് പോലും കാണില്ല. അല്ലെങ്കിൽ അവർ ആവിഷ്കാര സ്വാതന്ത്ര്യത്തിന് കൊടുത്ത അനുവാദം ആയിരിക്കാം. 
 
എമ്പുരാന്റെ കഥാകൃത്ത് മുരളി​ ​ഗോപി മുമ്പ് സിപിഎമ്മിനെ ചൊടിപ്പിക്കുന്നത് പോലുള്ള ലഫ്റ്റ് റൈറ്റ് ലഫ്റ്റ് എന്ന ചിത്രം എടുത്തത് മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യം വെച്ചാണെന്ന് അന്ന് ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ഇന്ന് മുഖ്യമന്ത്രി എമ്പുരാനെ കുറിച്ച് പറയുന്നു രാജ്യം കണ്ട നിഷ്ഠൂരമായ വംശഹത്യകളിൽ ഒന്നിനെ പരാമർശിക്കുന്നതാണ് സംഘപരിവാറുകാരെ രോഷാകുലരാരാക്കിയതെന്ന്. ബിജെപി, ആർഎസ്എസ് നേതാക്കളും അണികളും എമ്പുരാന് എതിരെ ഭീഷണി ഉയർത്തുകയാണ്. ഇത് ജനാധിപത്യത്തിന് ഹിതകരമല്ല. 
 
വിവാദങ്ങൾക്ക് ആദ്യം തിരികൊളുത്തിയത് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റാണ്. ഇങ്ങനൊരു പടക്കത്തിന് തിരികൊളുത്തിയപ്പോൾ ഇത് മോഹൻലാലിന് കൂടിയുള്ള ഒരു പണിയാണെന്ന് ബിനീഷ് ചിന്തിച്ച് കാണില്ല. ഇത്രയേറെ ഹൈപ്പുണ്ടാക്കിയ ചിത്രമെന്ന രീതിയിൽ എമ്പുരാൻ ചരിത്ര താളുകളിൽ ഇടംപിടിച്ച് കഴിഞ്ഞു. കുറേ നാളുകൾക്കുശേഷം സിനിമാ തിയേറ്ററുകാർക്ക് ലഭിച്ച ചാകരയായിരുന്നു എമ്പുരാൻ. വിവാദങ്ങൾ എമ്പുരാന് വഴിതെളിച്ച് സഹായിച്ചിട്ടുണ്ടെന്നത് ഒരു പരമാർത്ഥമാണ്. 
 
ഈ സിനിമ റിലീസിന് ഒരുങ്ങുമ്പോൾ തന്നെ നിർമാതാവ് ആന്റണി പെരുമ്പാവൂരും സുരേഷ് കുമാറും തമ്മിൽ ഒരു ഏറ്റുമുട്ടലുണ്ടായി. അതിൽ സുരേഷിന്റെ വീട്ടിലുള്ള സ്ത്രീകളെ വരെ വലിച്ചിഴച്ചു. അങ്ങനെ നിർ‌മാതാക്കൾ രണ്ട് ചേരികളിലായി. പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് മേജർ രവിയുടെ വാക്കുകളായിരുന്നു. അത് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി മോഹൻലാലിനെ വെള്ളപൂശുന്നതായിരുന്നു. സിനിമയിലെ വിവാദ​രം​ഗങ്ങളെ കുറിച്ച് മോഹൻലാലിന് ഒന്നും അറിയില്ലായിരുന്നുവെന്ന് മേജർ രവി പറയുന്നു. മേജർ രവി പറഞ്ഞത് സത്യമാണെങ്കിൽ മോഹൻലാലിനെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണെന്ന് നമുക്ക് മനസിലാക്കാം. മോഹൻലാൽ വെറും ഡമ്മി മാത്രം. 
 
അതുപോലെ ​ഗോകുലം ​ഗോപാലൻ എന്ന ബിസിനസുകാരനെ സംബന്ധിച്ച് രാജ്യം ഭരിക്കുന്നവരെ എതിർത്തുകൊണ്ട് അവരെ വേദനിപ്പിച്ചുകൊണ്ട് തന്റെ ബിസിനസ് സാമ്രാജ്യം മുന്നോട്ട് കൊണ്ടുപോകാൻ ആകില്ലെന്ന് അവർക്ക് ഉത്തമ ബോധ്യമുണ്ടാകും. മുരളി ​ഗോപിക്ക് അത്തരം പ്രശ്നങ്ങളൊന്നും അഭിമുഖീകരിക്കേണ്ടതായിട്ടില്ല. അതുകൊണ്ടായിരിക്കാം അദ്ദേഹം നിലപാടിൽ ഉറച്ച് തന്നെ നിൽക്കുന്നത്. നിരവധി ആരോപണങ്ങളും ഭീഷണികളും പൃഥ്വിരാജിന് എതിരെ ഉയരുന്നുണ്ട്.
 
ഒപ്പം കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണവും. ആകെ സഹായത്തിനും ധൈര്യം നൽകാനും കൂടെ നിൽക്കാനുമുള്ളത് പെറ്റമ്മ മാത്രം. മോഹൻലാലിന്റെ ആദ്യകാല വളർച്ചയിൽ ആർഎസ്എസ്സിനുള്ള പങ്ക് വിസ്മരിക്കാനാവില്ല. ഞാൻ ഇനി പറയാൻ പോകുന്ന പല കാര്യങ്ങളും പലർക്കും അവിശ്വസനീയമായി തോന്നാം. ഇപ്പോൾ മോഹൻലാലിനെ പറ്റി ചേർന്ന് നിൽക്കുന്നവർക്കും വിമ​ർശിക്കുന്നവർക്കും ഇത് അറിയണമെന്നില്ല. കാരണം മോഹൻലാലിന്റെ വളർച്ചയുടെ ആരംഭകാലത്ത് ഇവരാരും കൂടെയില്ലായിരുന്നു. 
 
പണ്ട് തിരുവനന്തപുരത്ത് നടന്ന ഹിന്ദു ഐക്യവേദിയിൽ അദ്വാൻജിയോട് പങ്കെടുത്തിരുന്നു. അന്ന് ആ പരിപാടി ഷൂട്ട് ചെയ്യാൻ ഏൽപ്പിച്ചിരുന്നത് തിരുവനന്തപുരത്തുള്ള സിനിമക്കാരെയായിരുന്നു. അന്ന് രാത്രി സിനിമാക്കാരുടെ വകയായി പങ്കജ് ഹോട്ടലിന്റെ റൂഫ് ​ദ‌​ഗാർഡനിൽ വെച്ച് അദ്വാൻജിയോട് ഒരു ഡിന്നർ ഒരുക്കി. അവിടേക്ക് മോഹ​ൻലാലിനെ കൂട്ടികൊണ്ട് വരുന്നു. അന്ന് മമ്മൂട്ടി ഒന്നാം സ്ഥാനത്ത് തിളങ്ങി നിൽക്കുകയായിരുന്നു. മോഹൻലാൽ രണ്ടാം സ്ഥാനത്തും. 
 
മലയാള സിനിമയിൽ കുതിച്ചുയർന്ന് വരുന്ന നടനാണ് മോഹൻലാലെന്നും എന്നാൽ ഒന്നാം സ്ഥാനത്ത് മമ്മൂട്ടിയെന്ന് പേരുള്ള മറ്റൊരു നടനാണെന്നും നമ്മൾ വിചാരിച്ചാൽ മോഹൻലാലിനെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ പറ്റുമെന്നും സിനിമാക്കാർ അദ്വാൻജിയോട് പറയുന്നു. അത് എങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. നമ്മുടെ എല്ലാ ശാഖകളിലും മോഹൻലാലിന് ഒരു പ്രോത്സാഹനം കൊടുത്താൻ മത‍ിയെന്ന് മറുപടിയായി പറയുന്നു. ഉടൻ തന്നെ കേരളത്തിന്റെ ചുമതലയുള്ള നേതാവിന് വേണ്ട നിർദേശം അദ്വാൻജി കൊടുക്കുന്നു. എല്ലാ ശാഖകളിലും അതിന് അനുസരിച്ച് നിർദേശം ചെന്നു. 
 
പിന്നീട് സംഭവിച്ചതിനെ കുറിച്ച് ഇന്നുള്ളവർ‌ക്ക് ഒന്നും അറിയാൻ സാധ്യതയില്ല. കേരളത്തിൽ‌ അങ്ങോമിങ്ങോളമുള്ള മമ്മൂട്ടി ചിത്രങ്ങളുടെ പോസ്റ്ററുകൾ ചാണകം എറിഞ്ഞ് വികൃതമാക്കി. ഇതിമായി ബന്ധപ്പെട്ട് മനോരമ പത്രത്തിൽ വാർത്ത വന്നിരുന്നു. മമ്മൂട്ടിയുടെ പോസ്റ്ററിന്മേൽ വ്യാപകമായ ചാണക അഭിഷേകം എന്നായിരുന്നു വാർത്ത വന്നത്. ആ വാർത്ത ഇന്നും എന്റെ ഓർമയിലുണ്ട്. കൂടാതെ മമ്മൂട്ടി സിനിമകൾക്ക് തിയേറ്ററുകളിൽ കൂക്കി വിളികളും ഉയരാൻ തുടങ്ങി. അതോടെ മമ്മൂട്ടി മാനസീകമായി ആകെ തകർന്നു. അന്ന് മമ്മൂട്ടിയുടെ രക്ഷകമായി എത്തിയത് നിർമാതാവ് സുരേഷ് കുമാർ ആയിരുന്നു. ഇതൊക്കെ കൊണ്ടാണ് സുരേഷ് കുമാർ ഒരുപാട് നന്മയുള്ള ആളാണെന്ന് ഞാൻ പറയുന്നത്.
 
ശേഷം മമ്മൂട്ടിയേയും കൂട്ടി ബിജെപി നേതാക്കളെ സമീപിച്ചു. മോഹൻലാലിനെ പ്രോത്സാഹിപ്പിക്കാൻ പറഞ്ഞത് മമ്മൂട്ടിയുടെ പോസ്റ്ററിൽ ചാണകം എറിയാനല്ല. അത് അം​ഗീകരിക്കാൻ ആവില്ല അനുവദിക്കുകയും ഇല്ലെന്നും പറഞ്ഞു. പിന്നീട് ആർഎസ്എസ് കാര്യാലയത്തിലും പോയി. അതോട് കൂടി പ്രശ്നങ്ങൾ പരിഹരിച്ചു. ഈ പറഞ്ഞ സംഭവങ്ങളുടെ ഭാ​ഗമായിട്ടുള്ള എല്ലാ കഥാപാത്രങ്ങളും ഇന്നും ജീവിച്ചിരിപ്പുണ്ട്. മോഹൻലാൽ എടുത്ത തീരുമാനത്തെ വിമർശിക്കുന്നവർ അറിയാനാണ് ഇക്കാര്യങ്ങൾ ഞാൻ ഇവിടെ വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഉയർച്ചയ്ക്ക് ചവിട്ട് പടി ഒരുക്കിയവരെ അദ്ദേഹം മറന്നിട്ടില്ലെന്നും' പറഞ്ഞാണ് ആലപ്പി അഷ്റഫ് അവസാനിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എമ്പുരാന്റെ നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി