കണ്ണീരൊപ്പി താരസംഘടന; മോളി കണ്ണമാലിക്ക് വീട് നിര്‍മിച്ച് നല്‍കുമെന്ന് അമ്മ
മോളി കണ്ണമാലി നിലവില്‍ താരസംഘടനയിലെ അംഗമല്ല എങ്കിലും അക്ഷരവീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനാണ് തീരുമാനം.
മകനൊപ്പം താമസിക്കുന്ന നടി മോളി കണ്ണമാലിക്ക് വീട് നിര്‍മ്മിച്ചുനല്‍കാന്‍ താരസംഘടനയായ അമ്മ തീരുമാനിച്ചതായി സെക്രട്ടറി ഇടവേള ബാബു. മോളി കണ്ണമാലി നിലവില്‍ താരസംഘടനയിലെ അംഗമല്ല എങ്കിലും അക്ഷരവീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കാനാണ് തീരുമാനം. ജൂണ്‍ ഒന്നിന് ചേര്‍ന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനം എടുത്തതായും ഇക്കാര്യം മോളി കണ്ണമാലിയെ അറിയിച്ചെന്നും ഇടവേള ബാബു പറഞ്ഞു. ദി ക്യൂ എന്ന മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അക്ഷരവീട് ടീം ഈ ആഴ്ച തന്നെ മോളി കണ്ണമാലിയെ സന്ദര്‍ശിക്കുകയും വീട് നിര്‍മ്മിക്കാനുള്ള സ്ഥലം കാണുകയും ചെയ്യും. മകനും കുടുംബത്തിനുമൊപ്പം ഷെഡ്ഡില്‍ താമസിക്കുന്ന മോളി കണ്ണമാലിയുടെ ദുരിതം വീഡിയോ ബ്ലോഗര്‍മാരും വിവിധ മാധ്യമങ്ങളും വാര്‍ത്തയാക്കിയിരുന്നു. മകന് വീട് പണിയുന്നതിനായി മോളി കണ്ണമാലിയുടെ സഹായാഭ്യര്‍ത്ഥനയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരസംഘടനയുടെ ഇടപെടൽ.
ചവിട്ടുനാടക കലാകാരിയായി അഭിനയരംഗത്തെത്തിയ മോളി കണ്ണമാലി സത്യന്‍ അന്തിക്കാട് ചിത്രം പുതിയ തീരങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. മോളി കണ്ണമാലിക്ക് എറണാകുളം എംപിയായിരുന്ന കെ വി തോമസ് മുന്‍കയ്യെടുത്ത് നേരത്തെ വീട് നിര്‍മ്മിച്ച് നല്‍കിയിരുന്നു. എന്നാല്‍ മോളി കണ്ണമാലി മകനൊപ്പം താമസം മാറി. ഇഷ്ടദാനം ലഭിച്ച സ്ഥലത്ത് വീട് പണിയാനിരിക്കെ ഈ സ്ഥലത്തിന്റെ രേഖകള്‍ ഭാര്യവീട്ടുകാര്‍ തട്ടിയെടുത്തെന്നാണ് മകന്റെ ആരോപണം.
സ്ഥലം നിയമക്കുരുക്കിലായതോടെ മകന് നീതി കിട്ടാനായി പോലീസ് സ്‌റ്റേഷനും കോടതി കയറി ഇറങ്ങിയതിനെ തുടര്‍ന്ന് അഭിനയത്തിലും ഇടവേള സംഭവിച്ചു. ഭാര്യ വീട്ടുകാര്‍ പട്ടയഭൂമി തട്ടിയെടുത്തതോടെയാണ് മകനും കുടുംബവും ഷെഡ്ഡില്‍ മഴയത്ത് കഴിയേണ്ടി വന്നതെന്ന് മോളി പറയുന്നു. മോളിയുടെ താമസവും ഈ ഷെഡ്ഡിലാണ്. മകന്‍ ജോളിയുടെ ഭാര്യയുടെ അമ്മൂമ്മയാണ് ചെല്ലാനത്ത് മൂന്ന് സെന്റ് സ്ഥലം നല്‍കിയത്. ഈ സ്ഥലം ഭാര്യവീട്ടുകാര്‍ തട്ടിയെടുത്തെന്നാണ് മകന്റെയും മോളിയുടെയും ആരോപണം