പൃഥ്വിരാജിന്റെ കടുംപിടുത്തം, റാസൽഖൈമയിൽ നിന്നും റഷ്യയിലേക്ക് പറന്ന് എമ്പുരാൻ ടീം!
'പൃഥ്വി ഒരു കാര്യം തീരുമാനിച്ചാൽ മാറ്റുക അസാധ്യം': ആന്റണി പെരുമ്പാവൂർ പറയുന്നു
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. നിരൂപകരുടെ വിമർശനം ഏറ്റുവാങ്ങിയ ഒടിയൻ എന്ന ചിത്രത്തിന് ശേഷമായിരുന്നു ലൂസിഫർ റിലീസ് ആയത്. 2019 ൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എമ്പുരാൻ.
മലയാളത്തിലെ ഏറ്റവും വലിയ സിനിമയാകും എമ്പുരാൻ എന്ന് നടനും പൃഥ്വിയുടെ സഹോദരനുമായ ഇന്ദ്രജിത്ത് അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ലൂസിഫറിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കാൻ പൃഥിരാജ് എടുത്ത തീരുമാനത്തെക്കുറിച്ച് നിർമാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ലൂസിഫറിന്റെ ക്ലൈമാക്‌സ് യു.എ.ഇയിലെ റാസൽഖൈമയിൽ വെച്ചായിരുന്നു ഷൂട്ട് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ അതിലെ രംഗങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ അവതരിപ്പിക്കാൻ വേണ്ടി റഷ്യയിൽ ഷൂട്ട് ചെയ്യുകയായിരുന്നുവെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു. ലൊക്കേഷനുകളെ കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് പൃഥ്വിരാജ്. പൃഥ്വി ഒരു തീരുമാനമെടുത്താൽ അത് മാറ്റാൻ വലിയ ബുദ്ധിമുട്ടാണെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു.