മലയാള സിനിമയിൽ ഇപ്പോൾ ഒഴിച്ചുകൂടാനാകാത്ത നടന്മാരിൽ ഒരാളാണ് ജഗദീഷ്. തൊണ്ണൂറുകളിൽ ജഗദീഷിന് വേണ്ടി മാത്രം കഥകൾ എഴുതപ്പെട്ടിരുന്നു. മമ്മൂട്ടി, മോഹൻലാൽ കഴിഞ്ഞാൽ അക്കാലത്ത് നിർമാതാക്കൾക്ക് മിനിമം ഗ്യാരണ്ടി പറയുന്ന നടനായിരുന്നു ജഗദീഷ്. നടനായി തിളങ്ങിയ ജഗദീഷ് ഇന്ന് സഹനടനായും വില്ലനായും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.
ജഗദീഷിന് സിനിമയിൽ നിരവധി സുഹൃത്തുക്കളുണ്ട്. മുകേഷ്, ജയറാം എല്ലാം ആ ലിസ്റ്റിലാണുള്ളത്. മുകേഷിനെയും ജയറാമിന്റെയും കുറിച്ച് ജഗദീഷ് ഇപ്പോൾ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ജയറാമും മുകേഷും പറയുന്ന കഥകളൊക്കെ കേട്ടിരിക്കാൻ രാസമാണെന്ന് പറഞ്ഞ ജഗദീഷ്, അവർ പറയുന്നത് മുഴുവൻ സത്യമല്ലെന്നും വ്യക്തമാക്കി.
'ജയറാമും മുകേഷും പറയുന്ന കഥകളൊക്കെ കേൾക്കാൻ രസമാണ്. പക്ഷേ, ഒരു കാര്യം അതെ രീതിയിൽ അവതരിപ്പിച്ചാൽ രസമുണ്ടാകില്ല. അതിന് അവർ കുറച്ച് പൊടിപ്പും തൊങ്ങലും ഒക്കെ കൂട്ടിച്ചേർക്കും. അതുകൊണ്ട് തന്നെ മുകേഷ് പറയുന്ന കഥകളൊക്കെ അതുപോലെ വിശ്വസിക്കരുത്. കേട്ടിരിക്കുന്നവർക്ക് ഇത് രസമുള്ള കാര്യമാണ്', ജഗദീഷ് പറയുന്നു.