ഇത് ശിവകാർത്തികേയന്റെ കാലം; കംബാക്കിനൊരുങ്ങി മുരുഗദോസ്, 'SK 23' ടീസർ ഉടൻ
'എസ്കെ 23' എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന സിനിമ ശിവകാർത്തികേയന്റെ കരിയറിലെ ബെസ്റ്റ് സിനിമയായിരിക്കും
പേക്ഷകരുടെ പൾസ് അറിഞ്ഞ് സിനിമ എടുത്തിരുന്ന സംവിധായകനാണ് എ ആർ മുരുഗദോസ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അത്ര നല്ല സമയമല്ല അദ്ദേഹത്തിന്. ഇപ്പോൾ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് അദ്ദേഹം. ശിവകാർത്തികേയനൊപ്പമാണ് മുരുഗദോസിന്റെ അടുത്ത ചിത്രം. 'എസ്കെ 23' എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന സിനിമ ശിവകാർത്തികേയന്റെ കരിയറിലെ ബെസ്റ്റ് സിനിമയായിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
ചിത്രത്തിന്റെ ടൈറ്റിലും ടീസറും ശിവകാർത്തികേയന്റെ പിറന്നാൾ ദിനമായ ഫെബ്രുവരി 17 ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. 'എസ്കെ 23' ഒരു വിൻ്റേജ് എആർ മുരുഗദോസ് സ്റ്റൈലിലുള്ള ആക്ഷൻ ത്രില്ലറാണെന്നും, അദ്ദേഹത്തിന്റെ എലമെന്റ് എല്ലാം ഈ സിനിമയിൽ ഉണ്ടാകും എന്ന് മുൻപ് ശിവകാർത്തികേയൻ പറഞ്ഞിരുന്നു.
മലയാളി താരം ബിജു മേനോനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വളരെ ഇൻ്ററെസ്റ്റിങ് ആയ കഥാപാത്രമാണ് ബിജു മേനോന്റേത് എന്നാണ് ശിവകാർത്തികേയൻ പറഞ്ഞത്. ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്.