സ്ത്രീകൾ സ്വന്തം നിലപാട് പറയാൻ തുടങ്ങുന്നത് മുതൽ അവർക്ക് ഫെമിനിസ്റ്റ് എന്ന പേര് ചാർത്തി കൊടുക്കുമെന്ന് ഭാഗ്യലക്ഷ്മി. കുട്ടികാലത്ത് ഒന്നും ഫെമിനിസം എന്നൊരു വാക്ക് താൻ കേട്ടിട്ടില്ലെന്നും സാഹചര്യങ്ങളാണ് നമ്മളെ ശക്തരാക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
കേരളത്തിൽ വന്നത് മുതൽ താൻ കേൾക്കുന്ന ചോദ്യമാണ് എങ്ങനെ ഒറ്റയ്ക്ക് ജീവിക്കുന്നുവെന്നും നടി കൂട്ടിച്ചേർത്തു. സൈന സൗത്തിന് നൽകിയ അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം പറഞ്ഞത്.
'സ്ത്രീകൾ സ്വന്തം നിലപാട് പറയാൻ തുടങ്ങുന്നത് മുതലാണ് ഫെമിനിസ്റ്റ് എന്നൊരു പേര് അവൾക്ക് ചാർത്തി കൊടുക്കുന്നത്. നമ്മൾ ഈ കുട്ടികാലം മുതൽ ഒറ്റയ്ക്ക് ജീവിച്ച് വളർന്നപ്പോൾ അറിയാതെ എംപവർഡ് ആകുകയാണ്. സാഹചര്യങ്ങളാണ് നമ്മളെ പവർഫുൾ ആക്കുന്നത്. അതിന്റെ ധൈര്യത്തിലാണ് ജീവിക്കുന്നതും, സംസാരിക്കുന്നതും എല്ലാം. അന്നൊന്നും ഫെമിനിസം എന്ന വാക്ക് ഞാൻ കേട്ടിട്ടില്ല.
എത്ര പറഞ്ഞു കേട്ട് മടുത്തു എന്നു പറഞ്ഞാലും ചെന്നൈ പോലുള്ള നഗരത്തിൽ ഈ വാക്ക് അത്ര ഉപയോഗിക്കുന്നില്ല. കാരണം അവിടെയുള്ള എല്ലാ സ്ത്രീകളും പവർഫുൾ ആണ്. അവിടെ ഒരിക്കലും ഞാൻ കേൾക്കാത്ത മറ്റൊരു കാര്യമാണ് എങ്ങനെ ഒറ്റയ്ക്ക് ജീവിക്കുന്നുവെന്ന്. കേരളത്തിൽ വന്നത് മുതൽ ഞാൻ കേൾക്കുന്ന ചോദ്യവും ഇതാണ്', ഭാഗ്യലക്ഷ്മി പറഞ്ഞു.